UPDATES

ട്രെന്‍ഡിങ്ങ്

‘നിങ്ങളുടെ ബാഗില്‍ ബോംബാണോ?’ ഒരു മുസ്ലീം ജവാന്‍ നേരിട്ടത്

എന്നെപ്പോലുള്ള രാജ്യസേവനം നടത്തുന്ന രാജ്യസ്‌നേഹിയായ ഒരു ജവാന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് രാജ്യസ്‌നേഹം തെളിയിക്കാന്‍ ഇനി എന്തൊക്കെ ചെയ്യേണ്ടി വരും

‘നിങ്ങള്‍ക്ക് താടിയുണ്ട്, നിങ്ങള്‍ മുസ്ലീമല്ലേ? നിങ്ങളുടെ ബാഗില്‍ എന്താണ്, ബോംബാണോ?’ ഈ ചോദ്യത്തിന്റെ ഞെട്ടല്‍ ജവാനായ ടിപി ആഷിഖിന് ഇനിയും മാറിയിട്ടില്ല. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശിയും കരസേന ജീവനക്കാരനുമായ ആഷിഖിനാണ് കഴിഞ്ഞ 21-ാം തീയതി ബംഗലൂരുവില്‍ വച്ച് ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടി വന്നത്. തന്റെ രാജ്യസ്‌നേഹത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് താന്‍ കാവല്‍ നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ മാറിയത് ആഷിഖിനെ ഒരേസമയം ആശങ്കപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നു. ആ ആശങ്ക പങ്കുവച്ചുകൊണ്ടാണ് ആഷിഖ് തന്റെ ഫേസ്ബുക്ക് പേജില്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് കുറിപ്പെഴുതിയത്. ഇതിനോടകം തന്നെ ഈ പോസ്റ്റ് ചര്‍ച്ചയായിക്കഴിഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി ഇന്ത്യന്‍ കരസേനയിലെ അംഗമാണ് ആഷിഖ്. നിലവില്‍ അസമിലാണ് ജോലി ചെയ്യുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം 24 ദിവസത്തെ അവധിയ്ക്ക് ഈദ് ആഘോഷിക്കാനായി നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ ദുരനുഭവം ഇദ്ദേഹത്തിനുണ്ടായത്. ഗുവാഹത്തിയില്‍ നിന്നും ബാംഗ്ലൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബംഗലൂരുവിലെത്തി. അവിടെ നിന്നും ബസിന് നാട്ടിലേക്ക് വരാനായിരുന്നു പദ്ധതി. ബംഗലുരുവില്‍ സന്ധ്യയോടെ വിമാനമിറങ്ങിയ ശേഷം ബി.എം.ടി.സി. ബസില്‍ മജസ്റ്റിക്കിലെത്തി. അവിടെ നിന്നുള്ള ഒരു ലോക്കല്‍ ബസില്‍ സാറ്റലെറ്റ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു. അപ്പോഴാണ് ബസില്‍ ചിലര്‍ തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നത് മനസിലായത്. അതില്‍ ഒരാള്‍ വളരെ രൂക്ഷമായി തന്നെ നോക്കുന്നത് ആഷിഖ് ശ്രദ്ധിച്ചു. അയാളുടെ നോട്ടം ആഷിഖിന്റെ ബാഗിലേക്കും താടിയിലേക്കുമായിരുന്നു. പെട്ടെന്ന് അയാള്‍ ആഷിഖിന്റെ അടുത്തെത്തുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയുമായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

ബാഗില്‍ എന്താണെന്നും, മുസ്ലീമല്ലേ എന്നുമായിരുന്നു ആദ്യ ചോദ്യം. പിന്നാലെ ബാഗില്‍ ബോംബല്ലേ എന്ന ചോദ്യം വന്നു. അതിന് ഉത്തരം നല്‍കിയപ്പോള്‍ മുസ്ലീങ്ങളാണ് ലോകത്ത് എല്ലായിടത്തും ബോംബ് സ്‌ഫോടനം നടത്തുന്നതെന്നായി വാദം. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ലെന്ന ആഷിഖിന്റെ വാദത്തെ അയാള്‍ ഗൗനിച്ചില്ല. താന്‍ ഒരു ജവാനാണെന്നും അവധിക്ക് നാട്ടിലേക്ക് പോവുകയാണെന്നും ആഷിഖ് പറഞ്ഞപ്പോള്‍ ആ വാദവും അയാള്‍ തള്ളി. ആര്‍മിയുടെ ഐ.ഡി കാര്‍ഡ് കാണിച്ച് കൊടുത്തപ്പോള്‍ ഇതൊക്കെ ആര്‍ക്കും ഉണ്ടാക്കാം എന്നായി വാദം. മൊബൈലിലുണ്ടായ സേനയിലെ യൂണിഫോമിട്ട ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അതും കളവാണെന്ന് പറഞ്ഞായി ചോദ്യം ചെയ്യല്‍ എന്ന് അദ്ദേഹം പറയുന്നു.

ആറ് വര്‍ഷത്തിനടുത്തായി ജവാനായി രാജ്യസേവനം നടത്തുന്നു. ഇതുവരെ ഇങ്ങനെ മോശമായ ഒരനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ ഒരു തീവ്രവാദി എന്ന് സ്ഥാപിക്കാനായിരുന്നു അയാളുടെ ശ്രമം. ഞാന്‍ പ്രതികരിച്ചാല്‍ ചിലപ്പോള്‍ എന്നെ രാജ്യദ്രോഹിയായും തീവ്രവാദിയായും അയാള്‍ മുദ്രകുത്തുമെന്ന് തോന്നി. അതുകൊണ്ട് ഉത്തരങ്ങള്‍കൊണ്ട് കുറേ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായതിനാല്‍ പിന്നീട് നിശബ്ദനായിരുന്നു. അത് ഒരു ലോക്കല്‍ ബസ് ആയതിനാല്‍ അയാളുടെ കൂടെ കുറേ ആളുകളും ഉണ്ടാകുമെന്നെനിക്കുറപ്പുണ്ടായിരുന്നു. ആരും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കില്ല. ആദ്യം പ്രതികരണം, എന്നിട്ടാകാം അന്വേഷണം എന്നതാണല്ലോ പുതിയ രീതി.

ഈ സംഭവത്തിന് ശേഷം നമ്മുടെ നാടിനെ ഓര്‍ത്ത് എനിക്ക് ഭയം തോന്നുന്നു. ഈ അനുഭവം ഇന്ത്യയുടെ ഏകദേശം എല്ലാ ഭാഗത്തും ഒരു വിഭാഗത്തിന്റെ മേല്‍ ചില പ്രത്യേക വിഭാഗക്കാര്‍ ചെയ്യുന്ന അതേ സംഭവമാണ്. ഇത് നമ്മുടെ രാജ്യത്തെ നാശത്തിലേക്ക് നയിക്കും. ഇവിടെ താടി അല്ല പ്രശ്‌നം, അത് ആര് വച്ചു എന്നതാണ്. എന്നെപ്പോലുള്ള രാജ്യസേവനം നടത്തുന്ന രാജ്യസ്‌നേഹിയായ ഒരു ജവാന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് രാജ്യസ്‌നേഹം തെളിയിക്കാന്‍ ഇനി എന്തൊക്കെ ചെയ്യേണ്ടി വരും. ബാബാ രാംദേവ് താടിവയ്ക്കുമ്പോള്‍ ഇവിടെ ഒരു ചിന്താഗതിയും എം.എം അക്ബര്‍ താടിവയ്ക്കുമ്പോള്‍ മറ്റൊരു ചിന്താഗതിയുമാണ്’– ആഷിഖ് പറയുന്നു.

ആഷിഖിന്റെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. രാജ്യത്ത് പല മുസ്ലീങ്ങളും സമാന ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. ചെറുപ്പം മുതല്‍ ജവാനാകണം എന്നാശിച്ച് ആ ജോലി നേടിയെടുത്തവനാണ് ആഷിഖ്. അവനെപ്പോലുള്ള നിഷ്‌കളങ്കമായി രാജ്യത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു ജവാന്റെ രാജ്യസ്‌നേഹം പോലും ചിലര്‍ ചോദ്യംചെയ്യുമ്പോള്‍ നാം ഭയപ്പെടണം.’ ആഷിഖിന്റെ സുഹൃത്ത് സുബൈര്‍ പറയുന്നു.

ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ചിലരുടെ ന്യായീകരണം ഐ.എസിലേക്ക് യുവാക്കള്‍ ചേരുന്നതാണ് ഇത്തരത്തിലുള്ള ഭീതി സൃഷ്ടിക്കുന്നതെന്നാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍