UPDATES

ബീഫ് രാഷ്ട്രീയം

പശു ദൈവമാണ്; കേരളം എത്ര എതിര്‍ത്താലും കശാപ്പ് നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി

കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കശാപ്പ് നിയന്ത്രണത്തെച്ചൊല്ലി പ്രതിഷേധങ്ങളില്ലെന്നും മന്ത്രി

കേരളം എത്ര ബഹളമുണ്ടാക്കിയാലും കന്നുകാലി കശാപ്പ് നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി. പശു നമ്മുടെ ദൈവമാണെന്നും അതിനെ ദൈവികമായി മാത്രമേ കാണാന്‍ കഴിയൂ എന്നും കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗജിനാഗി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു മന്ത്രി.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് കേന്ദ്രം ഈയിടെ കൊണ്ടുവന്ന നിയമത്തിനെതിരെ കേരളം, കര്‍ണാടകം, ബംഗാള്‍, ത്രിപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയവ ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എതിര്‍പ്പുകള്‍ കണക്കിലെടുത്ത് എരുമ, പോത്തിനെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ കണക്കിലെടുക്കുന്നില്ലെന്ന സന്ദേശമാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കശാപ്പ് നിയന്ത്രണത്തെച്ചൊല്ലി പ്രതിഷേധങ്ങളില്ല. എന്നാല്‍ പശു ദൈവമാണ്. അതിനെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ആരെതിര്‍ത്താലും കശാപ്പ് നിയന്ത്രണത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെ മറച്ചു വയ്ക്കാനാണ് ഇപ്പോള്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആക്രമണം സി.പി.എം ആയുധമാക്കുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ച ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ പത്മനാഭന്‍ ആരോപിച്ചു. യെച്ചൂരിക്കെതിരെ ആക്രമണം നടത്തിയത് സംഘപരിവാറുമായി ബന്ധമില്ലാത്ത ഹിന്ദു സേനാ പ്രവര്‍ത്തകരാണ്. ഇതിന്റെ പേരില്‍ സി.പി.എം അക്രമം അഴിച്ചു വിടുകയാണെന്നും പത്മനാഭന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍