UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാല്‍സലാമുമായി ബിജെപി, ശിവസേന പ്രവര്‍ത്തകരായ കര്‍ഷകര്‍ ഓള്‍ ഇന്ത്യാ കിസാന്‍ സഭയില്‍

ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായാണ് ഇരുനൂറോളം പ്രവര്‍ത്തകര്‍ സിപിഐ (എം) നേതൃത്വം ഓള്‍ ഇന്ത്യാ കിസാന്‍ സഭയില്‍ ചേര്‍ന്നത്

കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് ശിവസേനയുടേയും ബിജെപിയുടേയും ഇരുനൂറോളം പ്രവര്‍ത്തകര്‍ സിപിഐ (എം) നേതൃത്വം നല്‍കുന്ന ബഹുജന സംഘടനയായ ഓള്‍ ഇന്ത്യാ കിസാന്‍ സഭയില്‍ ചേര്‍ന്നു. ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായിവന്ന പ്രവര്‍ത്തകരെ കര്‍ഷകര്‍ ‘ലാല്‍സലാം’ മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

നാസിക്കില്‍നിന്നു കാല്‍നടയായി മുംബൈയിലേക്കു മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്കു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് നല്‍കിയ ഉറപ്പുകളൊന്നും രണ്ടുമാസത്തിനിപ്പുറവും പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ആദിവാസി കാര്‍ഷകനായിരുന്ന ലക്ഷ്മണ്‍ ബാഗുലിന്റെ മുപ്പത്തിയൊന്നാമത് രക്തസാക്ഷിദിനമായ ജൂണ്‍ പന്ത്രണ്ടിനാണ് വീണ്ടും പ്രക്ഷോഭം തുടങ്ങിയത്. ഇതിന്റെ ആദ്യപടിയെന്നോണം മഹാരാഷ്ട്രയിലെ സുര്‍ഗണയില്‍ സംഘടിപ്പിച്ച തഹസില്‍ദാര്‍ ഓഫീസ് ഉപരോധത്തില്‍ വനാവകാശനിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും വിളകളുടെ നഷ്ടപരിഹാരം ഉടനടി കൈമാറണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ റേഷന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. എല്ലാ ആവശ്യങ്ങളും ഉടന്‍ നടപ്പിലാക്കാമെന്ന തഹസില്‍ദാറുടെ ഉറപ്പ് ലഭിച്ച ശേഷമാണ് കര്‍ഷകര്‍ പിരിഞ്ഞുപോയത്.

1987 ജൂണ്‍ 12-ന് കിസാന്‍ സഭ നടത്തുന്ന സമരത്തിനിടെ വെടിയേറ്റ്‌ കൊല്ലപ്പെട്ട ആദിവാസി കര്‍ഷകന്‍ ലക്ഷ്മണ്‍ ബാഗുളിന്റെ രക്തസാക്ഷി ദിനത്തില്‍ തന്നെയാണ് കിസാന്‍ സഭ പുതിയ പ്രക്ഷോഭവും തുടങ്ങിയിരിക്കുന്നത്. സുര്‍ഗണ മുന്‍സിപ്പല്‍ കൌണ്‍സില്‍ പ്രസിഡന്റ്റ് സിപിഎമ്മിന്റെ സോണാലി ബാഗുല്‍ ആണ്. ആദ്യമായാണ് ഒരു ഇടതു പാര്‍ട്ടി ഇവിടെ അധികാരത്തില്‍ വരുന്നതും.

കര്‍ഷക പ്രതിഷേധങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതികൂല മനോഭാവം തുടരുകയാണ്. എന്നാല്‍ ബിജെപിയുടെ കോട്ടയായ കൈരാനയില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജാട്ട് കര്‍ഷകരുടെ ശക്തമായ പിന്തുണയോടെ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത് ബിജെപിയെ ആശങ്കയിലാകുന്നുണ്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകര്‍ക്ക് നല്‍കിയ വലിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. 1995-ന് ശേഷം മാത്രം മൂന്നു ലക്ഷത്തോളം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്തിരിക്കുന്നതെന്ന് നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ജീവിക്കണോ മരിക്കണോ എന്നതാണ് തങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ചോദ്യമെന്നും ഇത് ബിജെപി-ശിവസേന സഖ്യത്തെ അനുകൂലിക്കുന്ന കര്‍ഷകരും മനസ്സിലാക്കിത്തുടങ്ങിയിരുക്കുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതാവ് അശോക് ധവാലെ പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

പാടത്തുനിന്നും കാട്ടില്‍ നിന്നും മുംബൈയിലേക്കൊരു ലോംഗ് മാര്‍ച്ച്

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

ഇന്ത്യ ഒരു കാര്‍ഷിക കലാപത്തിന്റെ വക്കിലാണ്

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍