രാജ് കുമാർ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി രാജ്കുമാർ കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ് എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
രാജ് കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണാണ് നടപടി. മരിച്ച രാജ് കുമാറിനെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവർക്ക് സഹായം ചെയ്തതിനാണ് മുന്നുപേരെക്കൂടി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
രാജ് കുമാർ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. ആരോപണ വിധേയനായ ഇടുക്കി മുൻ എസ്‍പിയെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം ഇതുവരെ തയ്യാറാവാത്ത സാഹചര്യത്തിൽ ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
അതിനിടെ, കേസിൽ പൊലീസ് നടപടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന്‍റെ നടപടി ക്രൂരവും പൈശാചികവുമെന്നായിരുന്നു സർക്കാർ നിലപാട്. കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് അറിയിക്കണമെന്ന് സിബിഐയോട് കോടതി.