UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പബ് ജി കളിച്ചു, ഹൃദയാഘാതം മൂലം 16 കാരന്‍ മരിച്ചു; ഗെയിം നിരോധിക്കണമെന്ന് പിതാവ്

കുഴഞ്ഞുവീണയുടന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആറ് മണിക്കൂര്‍ തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ പബ് ജി ഗെയിം കളിച്ചുകൊണ്ടിരുന്ന 16 വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ നീമുച്ചില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫുര്‍ഖാന്‍ ഖുറേഷിയാണ് മരിച്ചത്. മേയ് 28നാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം പബ് ജി കളിക്കാന്‍ തുടങ്ങിയ ഫുര്‍ഖാന്‍ ആറ് മണിക്കൂറോളം കളി തുടര്‍ന്നു. കുഴഞ്ഞുവീഴുന്നതിന് മുമ്പ് പബ്ജി ഗെയിമിലെ സഹകളിക്കാരോട് ഫുര്‍ഖാന്‍ ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് പിതാവ് ഹാരൂണ്‍ റാഷിദ് ഖുറേഷി പറയുന്നു. കുഴഞ്ഞുവീണയുടന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പള്‍സ് ഇല്ലായിരുന്നു എന്നും ഇലക്ട്രിക് ഷോക്കും ഇന്‍ജക്ഷനും വഴി ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്നും ഫുര്‍ഖാനെ പരിശോധിച്ച കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ അശോക് ജയിന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

രാജസ്ഥാനിലെ നാസിറാബാദിലാണ് ഫുര്‍ഖാനും കുടുംബവും താമസിക്കുന്നത്. മധ്യപ്രദേശിലെ സ്വന്തം നാട്ടില്‍ കസിന്റെ വിവാഹത്തിനായി വന്നതായിരുന്നു കുടുംബം. തലേന്ന് രാത്രി മുഴുവന്‍ ഏറെ വൈകിയും പബ്ജി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നീന്തലിലും വോളിബോളിലും താരമായിരുന്നു ഫുര്‍ഖാന്‍ നാസിറാബാദിലെ കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന ഫുര്‍ഖാന്‍. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പബ്ജി കളിയിലെ അഡിക്ഷന്‍ മറ്റ് പഠനത്തേയും സ്‌പോര്‍ട്‌സിനേയും ബാധിക്കുന്നതായി തോന്നിയതിനെ തുടര്‍ന്ന് ഫുര്‍ഖാന്റെ ഫോണ്‍ പിതാവ് പിടിച്ചുവാങ്ങിയിരുന്നു. ഫോണ്‍ തിരികെ കിട്ടുന്നതിനായി മൂന്ന് ദിവസം ഫുര്‍ഖാന്‍ ഭക്ഷണം കഴിച്ചില്ല എന്നും വീട്ടുകാര്‍ പറയുന്നു.

അതേസമയം രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന് പിതാവ് ഹാരൂണ്‍ ഖുറേഷി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനുവരിയില്‍ ഗുജറാത്തിലെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് പബ്ജിക്ക് സ്‌കൂളുകളില്‍ നിരോധനം നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍