UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോ മത്സ്യം പിടിച്ചെടുത്തു; അന്വേഷണം മാര്‍ക്കറ്റുകളിലേക്കും

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ലോഡുകളിലായിരുന്നു രാസവസ്തു സാന്നിധ്യം കണ്ടെത്തിയത്

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന മീനില്‍ വ്യാപകമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീന്‍ പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ലോഡുകളിലായിരുന്നു രാസവസ്തു സാന്നിധ്യം കണ്ടെത്തിയത്.

സംശയം തോന്നിയ 45 മത്സ്യ ലോറികളിലാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചുള്ള പരിശോധന നടത്തിയത്. രാസസാന്നിധ്യം വ്യക്തമായതോടെ മല്‍സ്യം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ എറണാകുളത്തെ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ചു.

ജോയിന്‍റ് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ (അഡ്മിനിസ്ട്രേഷന്‍) നേതൃത്വത്തില്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജെന്റ്സും പാലക്കാട് ജില്ലാ സ്‌ക്വാഡും ഉള്‍പ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കെത്തുന്ന മല്‍സ്യ ലോഡുകള്‍ കര്‍ശന പരിശോധയ്ക്ക് ശേഷം മാത്രമേ കടത്തി വിടാന്‍ പാടുള്ളു എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

മത്സ്യ ലോറികകള്‍ക്ക് പുറമേ ഭക്ഷ്യ എണ്ണ കൊണ്ടുവന്ന 5 ടാങ്കറുകളും, പാലുമായെത്തിയ 34 വാഹനങ്ങളുമാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. എന്നാല്‍ പ്രാഥമിക പരിശോധനകളില്‍ ഇവയില്‍ മായം കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദമായ പരിശോധനയ്ക്കായി ഇവ ഭക്ഷ്യസുരക്ഷാ ലാബില്‍ അയച്ചിട്ടുണ്ട്. പരിശോധയ്ക്ക് താത്ക്കാലിക മൊബൈല്‍ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച സംസ്ഥാനത്തെത്തിയ 12,000 കിലോഗ്രാം മത്സ്യത്തില്‍ മായം കലര്‍ന്നെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും ചെയ്തു.

ഏതെങ്കിലും ഉല്‍പന്നത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അത് നിരോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം എല്ലാ ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മത്സ്യത്തില്‍ രാസവസ്തുക്കള്‍ കണ്ടെത്താന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും രാജമാണിക്യം പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍