UPDATES

ട്രെന്‍ഡിങ്ങ്

19 തീവ്രവാദികൾ തമിഴ്നാട്ടിലെത്തിയെന്ന് സന്ദേശം; കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ജാഗ്രത

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളം ഉള്‍പ്പെടെയുള്ള എട്ട്  സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണിയെന്ന് കർണാടക പോലീസ്. കര്‍ണാടക പോലീസിന് ലഭിച്ച  ഫോൺ സന്ദേശത്തെ മുൻ നിര്‍ത്തിയാണ് മുന്നറിയിപ്പ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സന്ദേശത്തിന്റെ പശ്ചാലത്തലത്തില്‍ കര്‍ണാടക പോലീസ് മേധാവിയാണ് മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയത്. സംസ്ഥാനത്ത് സുരക്ഷ വർധിപ്പിക്കാനും, ജാഗ്രത പുലർത്താനും സംസ്ഥാന പോലീസ് മേധാവി എസ്.പിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ സംസാരിച്ചയാൾ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്ന് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ടെലഫോണ്‍ സന്ദേശത്തിന്റെ വസ്തുത പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് പരിശോധനകള്‍ തുടരുകയാണ്.

ശ്രീലങ്കയിൽ 253 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ ദക്ഷിണേന്ത്യൻ തീരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ ആക്രമണം നടത്തിയ സംഘത്തിലുള്ളവർ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു സുരക്ഷാ നിർദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍