UPDATES

ഈ വർഷം പാകിസ്ഥാൻ നടത്തിയത് 2,050 വെടിനിർത്തൽ കരാര്‍ ലംഘനങ്ങള്‍, 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടു: വിദേശകാര്യമന്ത്രാലയം

യു എന്നില്‍ ഉള്‍പ്പെടെ പാകിസ്താന്‍ കാശ്മീര്‍ വിഷയം ഉയർത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം

അതിർത്തിയിൽ പാകിസ്താൻ നടത്തിവരുന്ന പ്രകോപനങ്ങളെ അക്കമിട്ട് നിരത്തി ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം. അതിർത്തിയിൽ ഈ വർഷം മാത്രം പാകിസ്താന്റെ ഭാഗത്തുനിന്ന് 2050ല്‍ അധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായെന്നാണ് മന്ത്രാലയം കണക്കുകകൾ വ്യക്തമാക്കുന്നത്. വിവിധ സംഭവങ്ങളില്‍ ഒരു വര്‍ഷത്തിനിടെ സൈനികരും സാധാരണക്കാരുമുൾപ്പെടെ 21 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര മന്ത്രാലയും രേഖകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎൻഐ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ച്ചുകൊണ്ടാണ് പ്രകോപനം പോലുമില്ലാതെ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ ലംഘനങ്ങൾ നടത്തുന്നതെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാട്. കണക്കുകൾ ആശങ്ക ഉണർത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2003ലാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നത്. ഇത് തുടർച്ചയായി ലംഘിക്കപ്പെടുകയാണ്. ഇത്തരം നടപടികൾ തുടരരുതെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സമാധാനം പാലിക്കണമെന്നും പാകിസ്താനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യൻ സേന പരമാവധി സംയമനം പാലിക്കുകയും അതിർത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമങ്ങൾക്കും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യു എന്നില്‍ ഉള്‍പ്പെടെ പാകിസ്താന്‍ കാശ്മീര്‍ വിഷയം ഉയർത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശലംഘനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നെന്നായിരുന്നു പാകിസ്താൻ അന്താരാഷ്ട്ര വേദികളിൽ ഉൾപ്പെടെ ഉന്നയിച്ചിരുന്ന ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍