UPDATES

ഓട്ടോമൊബൈല്‍

പോര്‍ഷെ കാറിന് ഒന്നാം നമ്പര്‍ കിട്ടാന്‍ ഈ മലയാളി വ്യവസായി മുടക്കിയത് 31 ലക്ഷം രൂപ

2017ൽ അദ്ദേഹത്തിന്റെ പേരിലുള്ള 18 ലക്ഷത്തിന്റെ റെക്കോർഡാണ് ബാലഗോപാൽ തകർത്തത്.

വാഹനമേതായേലും നമ്പർ വിട്ടൊരുകളിയില്ല തിരുവനന്തപുരം സ്വദേശിയും പ്രമുഖ വ്യവസായിയുമായ കെ എസ് ബാലഗോപാലിന്. തന്റെ പുതിയ വാഹനത്തിനായി കെഎൽ 01 സികെ 1 എന്ന നമ്പറിന് ബാലഗോപാൽ ഇത്തവണ മുടക്കിയത് 31 ലക്ഷം രൂപയാണ്. തിരുവനന്തപുരം ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് തന്റെ പുതിയ പോർഷെ 718 ആഡംബര കാറിനുള്ള നമ്പർ സ്വന്തമാക്കിയത്. 2017ൽ അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള 18 ലക്ഷത്തിന്റെ റെക്കോർഡാണ് ബാലഗോപാൽ തകർത്തത്.

കെഎൽ 01 സിബി 1 എന്ന നമ്പർ ലഭിക്കുന്നതിനായാണ് തന്റെ ലാൻഡ് ക്രൂയിസറിനായി ദേവി ഫാർമ എംഡി കൂടിയായ ബാലഗോപാൽ അന്ന് ഇത്രയും വലിയ തുക മുടക്കിയത്. ഹരിയാനയില്‍ 2016ൽ രജിസ്റ്റർ ചെയ്ത 0001 എന്ന നമ്പറിന് നൽകിയ 26 ലക്ഷത്തിന്റെ എസ് ക്ലാസ് മേഴ്സിഡസ് ബെൻസായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.

500 രൂപയിൽ നിന്നായിരുന്നു ഇത്തവണ മുന്നു പേർ പങ്കെടുത്ത ലേലം ആരംഭിച്ചത്. ഏഴ് റൗണ്ടിൽ തന്നെ ഇത് 30 ലക്ഷത്തിലെത്തുകയായിരുന്നു. 10.5 ലക്ഷമെത്തിയപ്പോൾ ഒരാൾ പിൻമാറി. ബാലഗോപാൽ 25 ലക്ഷത്തിൽ എത്തി നിന്നപ്പോൾ എതിരാള് 500 രുപ കൂട്ടി വിളച്ചു. എന്നാൽ ബാലഗോപാൽ അഞ്ച് ലക്ഷം കൂട്ടിവിളിച്ച് 30 ലക്ഷത്തിലെത്തിക്കുകയായിരുന്നു. ലേലത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂർ അടച്ച 1 ലക്ഷം കൂടി ഉൾപ്പെടുത്തിയാണ് തുക 31 ലക്ഷമായത്. നമ്പർ സ്വന്തമാക്കിയ പോർഷെ 718 സ്പോർട്സ് കാറിന് 1.2 കോടിയാണ് എക്സ് ഷോറൂം വില.

2004ൽ ഒരു ബെൻസ് കാർ വാങ്ങിയപ്പോൾ എകെ 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. അതിന് ശേഷമാണ് നമ്പറുകൾ ലേലം വിളിപോലും കേരളത്തിൽ ഒരു ട്രെൻഡായിമാറുന്നത്. 31 ഫാൻസി നമ്പറുകളായിരുന്നു ഇന്നലെ തിരിവനന്തപുരം ആർടി ഓഫീസിൽ ലേലത്തിന് വച്ചത്. ഇതിലൂടെ 37.31 ലക്ഷമാണ് ലഭിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍