UPDATES

ആന്തൂർ ആത്മഹത്യ: പി കെ ശ്യാമളയ്ക്കെതിരെ പ്രേരണാകുറ്റം ചുമത്തിയേക്കും, അന്വേഷണത്തിന് പുതിയ സംഘം

സിപിഎം വിശദീകരണയോഗത്തിൽ ശ്യാമളയെ വേദിയിൽ ഇരുത്തി രൂക്ഷ വിമർശനം ഉന്നയിച്ച് പി ജയരാജൻ

വ്യവസായം തുടങ്ങുന്നതിനുള്ള നഗര സഭയുടെ അനുമതി ലഭിക്കാത്തതിന്റെ പേരിൽ ആന്തൂരിൽ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു അന്വേഷണ ചുമതലയെന്ന് മനോരമ റിപ്പോർട്ട് പറയുന്നു. വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാർ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. അന്വേഷണ സംഘം ഇന്നുമുതൽ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം. ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും ബന്ധുക്കളും ഗുരുതര ആരോപണമുന്നയിച്ചിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പി.കെ. ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ നഗര സഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ അത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. ആന്തൂരിലെ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ സംഭവത്തില്‍ വിശദീകരണം നല്‍കാനായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പി. ജയരാജന്റെ പ്രതികരണം. പി.കെ.ശ്യാമള പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും അവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും പി. ജയരാജൻ പറഞ്ഞു. ശ്യാമളയെ വേദിയിൽ ഇരുത്തി രൂക്ഷ വിമർശനം ഉന്നയിക്കാനും ജയരാജൻ തയ്യാറായി.

സംഭവത്തിൽ സെക്രട്ടറി ദുര്‍വാശി കാണിച്ചു. കെട്ടിടത്തിന്‍റെ ന്യൂനതകള്‍ പരിഹരിച്ചിട്ടും ലൈസന്‍സ് നല്‍കിയില്ല. ഉദ്യോഗസ്ഥരെ തിരുത്തുന്നതിനും നേര്‍വഴിക്ക് നടത്തുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞില്ല. നഗരസഭ അധ്യക്ഷ പറഞ്ഞാല്‍പോലും കേള്‍ക്കാത്ത സെക്രട്ടറിയാണ് ആന്തൂരിലേതെന്നും പി.ജയരാജന്‍ പറഞ്ഞു. രാജി സംബന്ധിച്ച റിപ്പോർട്ടുകൾ ശ്യാമള ഇന്നലെ നിഷേധിച്ചിരുന്നു.

കോടിയേരിയുടെ മകനെതിരായ ബലാത്സംഗ കേസും ആന്തൂരും ചര്‍ച്ചയാകും – സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍