UPDATES

ട്രെന്‍ഡിങ്ങ്

റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ സുഖവാസം, ഒപ്പം അടുപ്പക്കാരും സുഹൃത്തുക്കളും; ഒത്തുകളി ആരോപണം ശക്തമാവുന്നു

കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര്‍ കേരള പോലീസിന്റെ ഔദ്യാഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവും ഉണ്ടായില്ല.

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ തുടക്കം മുതലേ ആരോപിക്കപ്പെട്ട പോലീസിന്റെ ഒത്തുകളി തുടരുന്നതായി റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമൻ നിലവിൽ റിമാൻഡിലാണെങ്കിലും സ്വകാര്യ ആശുപത്രിയിൽ നിന്നും മാറ്റാൻ പോലും പോലീസ് ഇടപെട്ടില്ലെന്നാണ് പുതിയ ആരോപണം. റിമാൻഡ് പ്രതിയായ ശ്രീറാം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള മുറിയിൽ അടുപ്പക്കാര്‍ക്കും സുഹൃത്തു‍ക്കളായ ഡോക്ടർമാരുടെയും പരിചരണത്തിലാണ് കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിൽ ശ്രീറാമിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് തുടക്കം മുതലേയുള്ള റിപ്പോർട്ടുകൾ. എന്നാൽ ചികിൽസ തുടരണമെന്നാണ് ഡോക്ടർമാർ നിലപാടെടുത്തത്. ഇത് ആശുപത്രിയിൽ നേരിട്ടെത്തി നടപടി സ്വീകരിച്ച മജിസ്ട്രേറ്റിനോട്  അറിയിക്കുകയായിരുന്നു. ഇതോടെയാണ് ശ്രീറാമിന് സ്വകാര്യ ആശുപത്രിയിൽ തുടരാൻ അനുമതി ലഭിച്ചത്. അപകടം ഉണ്ടായ ഉടന്‍ തന്നെ ശ്രീറാമിനെ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചിരുന്നെങ്കിലും രക്തപരിശോധന ഉള്‍പ്പെടെയുള്ളവയ്ക്ക് ശ്രീറാം തയാറായില്ല. പോലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ അത് ചെയ്യാമെന്നിരിക്കെ അതും പോലീസ് ചെയ്തില്ല. മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തതെങ്കിലും ശ്രീറാം പോയത് സ്വകാര്യ ആശുപത്രിയിലേക്കാണ്. ഈ ആശുപത്രിയില്‍  ശ്രീറാം കഴിയുന്നത് സൂപ്പർ ഡീലക്സ് മുറിയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസില്‍ ജയില്‍ വാസം ഒഴിവാക്കാനാണ് ആശുപത്രിവാസമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ജാമ്യം നേടാനുള്ള നീക്കങ്ങളും ശ്രീറാം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ശ്രീറാമിന്റെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാര്‍ ഭാഗത്തു നിന്നും മെല്ലെപ്പോക്ക് തുടരുന്നെന്നും, കേസ് ദുർബലപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന ബന്ധുക്കളുടെ ആരോപണവും നിലനിൽക്കെയാണ് പുതിയ റിപ്പോര്‍ട്ടുകൾ. അതിനിടെ ശ്രീറാം മദ്യപിച്ചെന്ന തെളിയിക്കാന്‍ നടത്തിയ രക്ത പരിശോധനയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പരിശോധന വൈകിയതിനാൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരുന്നു. ഈ സമയത്തിനിടെ ശ്രീറാം രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്നു കഴിച്ചതായും പോലീസിനു സംശയമുണ്ടെന്നാണ്  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാൽ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്കരമെന്നു വിദഗ്ധർ പറയുന്നു. ശ്രീറാമിന്റെ കേസിൽ 9.30 മണിക്കൂറിന് ശേഷമാണ് രക്തസാംപിൾ ശേഖരിച്ചതെന്നതും ശ്രദ്ധേയമാണ്.

ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണ് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ പോലീസ് കേസെടുത്തത്‌ നീക്കമെന്നുമാണ് മറ്റൊരു ആക്ഷേപം. അപകരമായ രീതിയിൽ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവർക്കെതിരെ കേസെടുത്തത്.

അതേസമയം, ഒരു കേസ് രജിസ്റ്റർ ചെയ്താൽ സാധാരണ ചെയ്യാറുള്ള നടപടിക്രമങ്ങളും ശ്രീറാമിന്റെ സംഭവത്തിൽ പാലിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര്‍ കേരള പോലീസിന്റെ ഔദ്യാഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക എന്ന പതിവാണ്‌ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുമ്പോഴും എഫ് ഐ ആര്‍ പുറത്തുവിടാത്തത് കേസിൽ ചുമത്തിയ വകുപ്പുകൾ ഉൾപ്പെടെയുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കാനാണെന്നും ആക്ഷേപം ഉയരുന്നു.

Also Read: ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍