UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതികാര നടപടി; എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പോലീസുകാരനെതിരെ കേസ്

ഗവാസ്‌കര്‍ എഡിജിപിയുടെ മകളെ ഉപദ്രവിച്ചെന്ന പരാതിയിന്‍ മേലാണ് നടപടി. വനിത എസ്‌ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ക്കെതിരേ പ്രതികാര നടപടി. മദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ഗവാസ്‌കര്‍ എഡിജിപിയുടെ മകളെ ഉപദ്രവിച്ചെന്ന പരാതിയിന്‍ മേലാണ് നടപടി. ഇതിന്റെ ഭാഗമായി മെഡിക്കല്‍ രേഖകള്‍ തയാറാക്കുകയും, വനിത എസ്‌ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

എഡിജിപിയുടെ മകള്‍ മര്‍ദിച്ചെന്ന് കാട്ടി ഗാവസ്‌കര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വാര്‍ത്തയായതോടെ യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുക്കുകയായിരുന്നു. ഇതിനുശേഷമാണ് ഗവാസ്‌കറിനെതിരെ പരാതിയുമായി എഡിജിപിയുടെ മകള്‍ രംഗത്തെത്തിയത്.

എഡിജിപി സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തിന് പിന്നില്‍ ഇടിച്ചെന്നുമാണ് ഗവാസ്‌കറുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

അതേസമയം, കീഴ്ജീവനരെ എഡിജിപി സുദേഷ് കുമാറും കുടുംബവും പീഡിപ്പിക്കാറാണ് പതിവെന്ന് മര്‍ദനമേറ്റ ഗവാസ്‌കര്‍ പ്രതികരിച്ചു. ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണ്. പട്ടിയെ കുളിപ്പിക്കാന്‍ പോലും നിര്‍ബന്ധിച്ചിട്ടുണ്ട്. തയ്യാറാവാത്തവരെ ഭാര്യയും മകളും പോലും ചീത്ത വിളിക്കും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തന്നെ  തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഗവാസ്‌കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി സമ്മര്‍ദം ചെലുത്തിയതായും ഗവാസ്‌കര്‍ ആരോപിച്ചു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനു വഴങ്ങാത്തതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അതിനിടെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍ ബിജുവിനെ എസ്എപി ക്യാംപില്‍ തടഞ്ഞു. എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വേണ്ടി മീന്‍ വറുക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. പടിക്കുള്ള മീന്‍ എല്ലാദിവസവും എസ്എപി ക്യാംപില്‍ വറുത്താണു കൊണ്ടുപോയിരുന്നതെന്നും പൊലീസുകാര്‍ പറഞ്ഞു. ഇതോടൊപ്പം എഡിജിപിക്കെതിരെ ആരോപണങ്ങളുമായി മറ്റു ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍