UPDATES

രാഹുല്‍ പിന്മാറി, അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ്

പശ്ചിമ ബംഗാള്‍ മുന്‍ പിസിസി പ്രസിഡന്റായ അധീര്‍ രഞ്ജന്‍ ചൗധരി 1999 മുതല്‍ ബംഗാളിലെ ബേറാംപൂരില്‍ നിന്നുള്ള എംപിയാണ്.

ബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ തീരുമാനം. അധീര്‍ രഞ്ജന്‍ ചൗധരിയാണ് സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവ് എന്ന് കാണിച്ച് സോണിയ ഗാന്ധി കത്ത് നല്‍കി.

52 സീറ്റുള്ള കോണ്‍ഗ്രസ് ആണ് ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി. 2014ല്‍ കോണ്‍ഗ്രസ് 44 സീറ്റിലേയ്ക്ക് ചുരുങ്ങിയപ്പോള്‍ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയ്യാറായിരുന്നില്ല. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് 16ാം ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവായത്. എന്നാല്‍ ഇത്തവണ ഖാര്‍ഗെ പരാജയപ്പെട്ടു.

പശ്ചിമ ബംഗാള്‍ മുന്‍ പിസിസി പ്രസിഡന്റായ അധീര്‍ രഞ്ജന്‍ ചൗധരി 1999 മുതല്‍ ബംഗാളിലെ ബേറാംപൂരില്‍ നിന്നുള്ള എംപിയാണ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ചൗധരി ലോക്‌സഭയിലെത്തുന്നത്. 2012ല്‍ കേന്ദ്ര മന്ത്രിയായിരുന്നു. 2014ല്‍ ബംഗാളില്‍ നാല് സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റാണ് കിട്ടിയത്.

കേരളത്തില്‍ നിന്നുള്ള സീനിയര്‍ നേതാവ് കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, പാര്‍ട്ടി വക്താവും പഞ്ചാബില്‍ നിന്നുള്ള എംപിയുമായ മനീഷ് തിവാരി എന്നിവരും ലോക്‌സഭ നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് തരൂര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും എന്ന് കൊടുക്കുന്നില്‍ സുരേഷും പറഞ്ഞിരുന്നു. അതേസമയം സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ആരെയും നിര്‍ത്തേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍