തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് അഖിലിനെ പിടിച്ചത്.
അമ്പൂരി രാഖി വധക്കേസിലെ മുഖ്യ പ്രതി അഖില്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടുണ്ട്. അഖിലിനെതിരെ മൊഴി നല്കിയ സഹോദരന് രാഹുല്‍, അഖിലും താനും ചേര്‍ന്നാണ് രാഖിയെ കൊന്നത് എന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖിയെ കാറില്‍ കയറ്റിയത്. കാര്‍ ഓടിച്ചിരുന്നത് അഖിലായിരുന്നു. യാത്രക്കിടെ വിവാഹത്തെപ്പറ്റി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അഖില്‍, കാറില്‍ വച്ച് രാഖിയെ കഴുത്തുഞെരിച്ചു പിന്നീട് വീട്ടില്‍ വച്ച് കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കിയത് താനാണെന്നും രാഹുലിന്റെ മൊഴിനല്‍കി. കൂടാതെ രാഖിയുടെ മൊബൈലും വസ്ത്രങ്ങളും വഴിയില്‍ പലയിടത്തായി ഉപേക്ഷിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചത്. അതേസമയം രാഹുല്‍ കീഴടങ്ങി എന്നായിരുന്നു ഇന്നലെ പിതാവ് മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പോലീസിന് അറിയാം. എന്നിട്ടും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന് ആരോപിച്ചിരുന്നു.
വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന് ആരോപിച്ചു.
മകന് പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെ അച്ഛന് രംഗത്ത് എത്തിയിരുന്നു. മകന് നിരപരാധിയാണെന്നും അഖിലിന്റെ അച്ഛന് മണിയന് പറയുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകന് ഫോണ്‍ ചെയ്തതായും അച്ഛന് വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ സംശയം.