UPDATES

ട്രെന്‍ഡിങ്ങ്

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലിസ് വെടിവയ്പ്പ്; ഒന്‍പത് മരണം

കടുത്ത പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷിക്കുന്നെന്ന് ആരോപിച്ച് പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധ സമരത്തിന് നേരെയാണ് പോലിസ് നടപടി

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലിസ് നടത്തിയ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാടിന്റെ തീരദേശ മേഖലയായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് വ്യവസായ യൂനിറ്റ് കടുത്ത പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷിക്കുന്നെന്ന് ആരോപിച്ച് പ്രദേശവാസികള്‍ നടത്തിവന്ന പ്രതിഷേധ സമരത്തിന് നേരെയാണ് പോലിസ് നടപടി.

രാവിലെ നടന്ന പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി സമരം നടത്തി വരികയായിരുന്നു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മൈനിങ്ങ് കമ്പനിയായ വേദാന്ത ലിമിറ്റഡിന്റെ കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂനിറ്റ് ഉണ്ടാക്കുന്ന മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നെന്ന് കാണിച്ചായിരുന്നു പ്രതിഷേധം.

സമരക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മേഖലയില്‍ ഇന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടക്കം അടഞ്ഞു കിടക്കുകയായിരുന്നു. പ്രതിഷേധം ശക്തമാവുമെന്ന സുചനകളെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പോലിസ് വിന്ന്യാസവും നിലനിന്നിരുന്നു.

സമരക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തടഞ്ഞതോടെ കല്ലേറുണ്ടാവുകയും തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജോടെ സ്ഥിതിഗതികള്‍ മോശമാവുകയായിരുന്നു. പോലിസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്.

പ്രതിവര്‍ഷം 400000 യൂനിറ്റ് ഉല്‍പാദനം ലക്ഷ്യമിട്ട് തുത്തുകുടിയിലെ യൂനിറ്റ് വ്യാപിപ്പിക്കുമെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പ്രതിഷേധം ശക്തമായത്. രാഷ്ട്രീയ സാമൂഹിക രംഗത്തുനിന്നുള്ള നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ തുത്തുക്കുടിയില്‍ നിവാസികള്‍ക്ക് പുറമേ സമീപ പ്രദേശങ്ങളായ മധുര, വിരുത നഗര്‍ നിവാസികളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നിയമ വിധേയമായാണ് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വാദം.

അതേസമയം പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പോലിസ് നടപടിയില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ അപലപിച്ചു. പോലിസ് നടപടി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല ഹാസന്‍ ആരോപിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍