UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പൊലീസുകാര്‍ അടിയാന്മാരല്ല, ചില ഉദ്യോഗസ്ഥരുണ്ടാക്കുന്ന സമ്മര്‍ദ്ദവവും പീഡനവും ഇനിയും സഹിക്കാന്‍ കഴിയില്ല’ നിലപാട് കടുപ്പിച്ച് അസോസിയേഷന്‍

എഎസ്ഐ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ ഒരു അന്വേഷണം ഉണ്ടാകണം.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ആരുടേയും അടിയാനോ, കുടിയാനോ അല്ലെന്നും എറണാകുളം തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവിന്‍റെ ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില ഉദ്യോഗസ്ഥരുണ്ടാക്കുന്ന സമ്മര്‍ദ്ദവവും പീഡനവും ഇനിയും സഹിക്കാന്‍ കഴിയില്ല വിഷത്തിൽ ഡിപ്പാർട്ട്മെന്റ് അടിയന്തിര ഇടപെടൽ നടത്തണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.

പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒരാള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. കാലങ്ങളായി ഉദ്യോഗസ്ഥർ അനുഭവിച്ചു വരുന്ന ഒന്നാണിത്. സേനയിലെ ഇത്തരം വിഷയങ്ങളില്‍ ഗൗരവമായ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

എഎസ്ഐ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ ഒരു അന്വേഷണം ഉണ്ടാകണം. അദ്ദേഹത്തിന്റെ 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം ജോലിയെടുക്കുന്നതിന് ഒരു മടിയുമില്ലാത്തയാളാണെന്നും, ഉത്തരവാദിത്വവുമുള്ള ജോലികള്‍ ഭംഗിയോടെ നിറവേറ്റിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു എന്നും വ്യക്തമാണ്. കൊച്ചി സിറ്റിയിലെ ചേരനല്ലൂര്‍ സ്റ്റേഷനിലെ റൈട്ടര്‍, കേരളത്തിലെ തന്നെ ഏറ്റവും കഠിമേറിയ പോലീസ് സര്‍ക്കിള്‍ ആയ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഓഫീസ് റൈറ്റര്‍ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ നിരവധി വര്‍ഷങ്ങള്‍ മികവോടെ നിറവേറ്റിയ സഹപ്രവര്‍ത്തകനായിരുന്നു ബാബു. നിലവിൽ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ ക്രൈം വിഭാഗത്തെ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു. ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും, നാട്ടുകാര്‍ക്കിടയിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കണമെന്നും പത്രക്കുറിപ്പ് ആവശ്യപ്പെടുന്നു.

അതേസമയം, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട് പത്രക്കുറിപ്പ്. ആത്മഹത്യ ചെയ്ത ബാബു നേരിട്ടതിനേക്കാള്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ മറ്റു പലര്‍ക്കുമുണ്ട്. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി ബഹുഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും ഉണ്ട്. എന്നാല്‍ ഇത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഉറച്ച തീരുമാനമാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കഴിഞ്ഞ സംസ്ഥാന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഗൗരവമായി സംഘടന ചര്‍ച്ച ചെയ്തിരുന്നെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Read More- 59 പേര്‍ കൊല്ലപ്പെട്ട കവളപ്പാറയ്ക്ക് തൊട്ടടുത്ത് പ്രളയകാലത്ത് കരയിലടിഞ്ഞ മണ്ണും ചെളിയും ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തി, മന്ത്രിയെ തടഞ്ഞ് പരാതിയുമായി ജനം, ഉടന്‍ നടപടി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍