UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ മന്ത്രിമാരില്‍ ആരാണ് സമ്പന്നന്‍?

1000 രൂപയാണ് മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം. ക്ഷാമബത്തയായി 31,512 രൂപയും മണ്ഡലം അലവന്‍സായി 10,500 രൂപയും യാത്രാബത്തയായി 12,000 രൂപയും ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ശമ്പളം 55,012 രൂപയാണെന്ന് വെളിപ്പെടുത്തി പൊതു ഭരണവകുപ്പിന്റെ കണക്കുകള്‍. 1000 രൂപയാണ് മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം. ക്ഷാമബത്തയായി 31,512 രൂപയും മണ്ഡലം അലവന്‍സായി 10,500 രൂപയും യാത്രാബത്തയായി 12,000 രൂപയും ലഭിക്കുന്നുണ്ട്. ഇവയുള്‍പ്പെടെ 55,012 രൂപയാണ് മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ പ്രതിമാസ ശമ്പളം. മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ മാസവരുമാനവും ആസ്തിയുമുള്ളത് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ്. പിണറായി വിജയന് 79,364രുപ മാസവരുമാനവും 2.20 ലക്ഷത്തിന്റെ സ്വര്‍ണവും 22.77 ലക്ഷം രുപയുടെ സ്ഥിരനിക്ഷേപവും 95.5 സെന്റ് ഭൂമിയും സ്വന്തമായുണ്ട്.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് 55,013 രൂപയാണ് ലഭിക്കുന്നത്. ഭാര്യക്ക് പെന്‍ഷന്‍ ഇനത്തില്‍ 24,351 രൂപയും.വിവിധ ബാങ്കുകളിലായി 21.79 ലക്ഷം രൂപയുടെ നിക്ഷേപവും പിണറായി വിജയന്റെയും ഭാര്യ കമലുടെയും പേരിലുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീട്ടില്‍ മുന്ന് എയര്‍കണ്ടീഷനുകളുണ്ടെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തമായി വാഹനമോ സ്വന്തമായി എസിയോ ഇല്ലെന്നും സ്വത്തുവിവരങ്ങള്‍ പറയുന്നു. സുധാകരന്‍, എംഎം.മണി, ടിപി.രാമകൃഷ്ണന്‍, പി.തിലോത്തമന്‍ എന്നിവര്‍ക്കം സ്വന്തമായി വഹനമില്ല. മറ്റുള്ളവര്‍ക്ക് ഒരോ വാഹനങ്ങള്‍ വീതവും സ്വന്തമായുണ്ടെന്ന് കാണിക്കുമ്പോള്‍ മാത്യു ടി.തോമസ്, കെ രാജു എന്നിവര്‍ക്കു മൂന്നു വണ്ടികള്‍ സ്വന്തമായുണ്ട്.

എറ്റവുമധികം ആസ്തി രേഖപ്പെടുത്തിയിട്ടുള്ള എകെ ബാലന് 2.17 ലക്ഷത്തിന്റെ മാസവരുമാനവും 11 ലക്ഷത്തിന്റെ സ്വര്‍ണവും 2.35 കോടിയുടെ സ്ഥിര നിക്ഷേപവും 27.96 സെന്റെ് ഭൂമിയുമുണ്ട്. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് പ്രതിമാസ ശമ്പളമായ 55,012 രൂപ മാസവരുമാനവും 1.40 ലക്ഷം രൂപയുടെ നിക്ഷേപവും വെളിപ്പെടുത്തുമ്പോള്‍ സ്വന്തമായി സ്വര്‍ണമോ ഭൂമിയോ ഇല്ലെന്നും കണക്കുകള്‍ പറയുന്നു.

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ കൈവശം 1.15 ലക്ഷം രൂപയും ഭാര്യയുടെ കൈവശം 45,000 രൂപയുമാണ് പണമായുളളത്. കൂടാതെ ഭാര്യക്ക് അമ്പലപ്പുഴ പറവൂരില്‍ 10 സെന്റ് സ്ഥലവും വീടുമടക്കം 50 ലക്ഷത്തിന്റെ സ്വത്ത്. മാവേലിക്കരയില്‍ 39 സെന്റ് സ്ഥലവും, 7.5 സെന്റ് നിലവും സുധാകരന്റെ സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് പെന്‍ഷന്‍ തുക 53,037 രൂപ. 70 ലക്ഷം വിലമതിക്കുന്ന 2000 ചതുരശ്രയടി വീടും 10 സെന്റ് ഭൂമിയും സ്വന്തമായുള്ള മന്ത്രിയുടെ ഭാര്യയുടെ പേരില്‍ 14 ലക്ഷത്തിന്റെ ഭൂമിയുമുണ്ട്. വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ പേരില്‍ 4.88 ലക്ഷം രൂപയും ഭാര്യയുടെ പേരില്‍ 5.93 ലക്ഷം രൂപയും. ഭാര്യയുടെയും മക്കളുടെയും പേരില്‍ ബുള്ളറ്റും കാറുമടക്കം പോളിസികളുമുണ്ട്.

മന്ത്രി എംഎം മണിക്ക് 2.67 കോടി രൂപ വിലവരുന്ന 84 സെന്റ് ഭൂമിയും 1.55 ലക്ഷം രൂപയുടെ നിക്ഷേപവുമാണുള്ളത്. സ്വന്തം പേരില്‍ ഭൂമിയോ സ്വര്‍ണ്ണമോ ഇല്ലാത്ത ധന മന്ത്രി തോമസ് ഐസകിന് ബാങ്ക് നിക്ഷേപം 27,151 രൂപയാണ്. വനിതാ മന്ത്രിമാരായ കെകെ ശൈലജ, ജെ മേസിക്കുട്ടിയമ്മ എന്നിരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആരോഗ്യമന്ത്രിക്ക് 69,273 രൂപയുടെ മാസ വരുമാനവും 1.67 ലക്ഷത്തിന്റെ സ്വര്‍ണം എന്നിവയക്ക് പുറമെ 5.39 ലക്ഷത്തിന്റെ നിക്ഷേപവും 2.06 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്. മേഴ്‌സിക്കുട്ടിയമ്മക്ക് 55,012 എന്ന് മാസശമ്പളത്തിന് പുറമേ 1.77 ലക്ഷത്തിന്റെ സ്വര്‍ണവും 2.41 ലക്ഷത്തിന്റെ നിക്ഷേപവും 60 സെന്റ് ഭൂമിയുണ്ടെന്നും കണക്കുകള്‍ പറയുന്നു.
എന്നാല്‍ 1000 രൂപ മാസവരുമാനമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്റെ പേരില്‍ രേഖപ്പെടുത്തിയ കണക്കുകളില്‍ പിഴവുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മന്ത്രിയെന്ന നിലയില്‍ 55,012 രൂപ ശമ്പളം ലഭിക്കുന്നുണ്ട്. മുന്‍ എംപിയെന്ന പെന്‍ഷന്‍ 23,500 രൂപയും. ഭാര്യയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ 18,000 രൂപ. ഇതനുസരിച്ചു പുതിയ സത്യവാങ്മൂലം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മന്ത്രിമാരുടെ ശമ്പളം 90,000 രൂപയാക്കാന്‍ തീരുമാനിച്ചെങ്കിലും അക്കൗണ്ട് ജനറലിന്റെ അംഗീകാരം കാത്തിരിക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍