UPDATES

കിഫ്ബിയില്‍ സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി, പദ്ധതികള്‍ അവലോകനം ചെയ്തു

കിഫ്ബിയുടെ വരവു ചെലവുകള്‍ സിഎജി ആക്ട് സെക്ഷന്‍ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം. സര്‍ക്കാരിന്‍റെ  ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സിഎജി ഓഡിറ്റ് ബാധകമാണ്.

കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിയ വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. കിഫ്ബിയില്‍ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിങ്ങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

കിഫ്ബി ആക്ട് 1999-ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജൂലൈ അവസാനത്തിന് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയില്‍ സമര്‍പ്പിക്കണം. കിഫ്ബി ആക്ടിലെ വകുപ്പ് 3 പ്രകാരം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്കീം രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്കീമിന്‍റെ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട്  ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിന് അയക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2016-ല്‍ കിഫ്ബി ആക്ട് ഭേദഗതി ചെയ്തപ്പോള്‍ 16-ാം വകുപ്പിന് ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. മാത്രമല്ല 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതനുസരിച്ച് ഫണ്ടിന്റെ സ്രോതസ്സും വിനിയോഗവും സംബന്ധിച്ച് നിയമസഭക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് ഫണ്ട് ട്രസ്റ്റി ആന്റ് അഡ്വൈസറി കമ്മീഷന്‍ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. ഫണ്ട് വിനിയോഗ കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും നിയസഭയുടെ മെച്ചപ്പെട്ട പരിശോധനയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഇതു ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കിഫ്ബിയുടെ വരവു ചെലവുകള്‍ സിഎജി ആക്ട് സെക്ഷന്‍ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം. സര്‍ക്കാരിന്‍റെ  ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സിഎജി ഓഡിറ്റ് ബാധകമാണ്. അതുകൊണ്ട് സിഎജി ആക്ട് സെക്ഷന്‍ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യമില്ല.

സെക്ഷന്‍ 14-ന്‍റെ പരിധിയില്‍ വരാത്ത സ്ഥാപനങ്ങളില്‍ സെക്ഷന്‍ 20 പ്രകാരം ഒരു സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തണമെന്ന് സിഎജിയോട് സംസ്ഥാന സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാം. മറിച്ച് സര്‍ക്കാര്‍ ഗ്രാന്‍റോ വായ്പയോ കിട്ടുന്ന സ്ഥാപനം ഓഡിറ്റ് ചെയ്യണമെന്ന് സിഎജിക്ക് സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കാം. ഇതനുസരിച്ച് സര്‍ക്കാരിന് ഓഡിറ്റിങ് അനുവദിക്കാവുന്നതാണ്. എന്നാല്‍ കിഫ്ബിയുടെ സെക്ഷന്‍ 14 പ്രകാരമുള്ള ഓഡിറ്റിങ്ങ് നടക്കുന്നതിനാല്‍ ഇതിന് പ്രസക്തിയില്ല.

വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യമേഖലയില്‍ നടത്തുന്ന വികസന പദ്ധതികള്‍ക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

അതിനിടെ,  കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതില്‍ 31,344 കോടി രൂപയുടെ 588 പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവികസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു.

പൊതുമരാമത്ത് മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ക്ക് – 278 പദ്ധതികള്‍. ചെലവ് 11,936 കോടി രൂപ. വൈദ്യുതി – 5200 കോടി രൂപ, ജലവിഭവം 4753 കോടി, പൊതുവിദ്യാഭ്യാസം 2037 കോടി, ആരോഗ്യം – 2036 കോടി, ഐടി – 1412 കോടി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ മുതല്‍ മുടക്ക് വരുന്നത്.

അവലോകന യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്. സുനില്‍കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. കെ. രാജു, കെ.ടി. ജലീല്‍ എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും തലവډാരും പങ്കെടുത്തു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം. അബ്രഹാം പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍