UPDATES

ഓട്ടോ സ്റ്റാൻഡിൽ ഇറക്കുന്നത് സംബന്ധിച്ച് തർക്കം; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ

നാല് ദിവസം മുമ്പ് നടന്ന സംഭവത്തിന് പിന്നാലെയായിരുന്നു രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.

വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന് മറ്റ് ഡ്രൈവർമാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കോഴിക്കോട് എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശിയായ രാജേഷ് ആണ് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. എലത്തൂർ എസ് കെ ബസാറിലായിരുന്നു രാജേഷ് ഓട്ടോയുമായെത്തിയത്. കക്കവാരൽ തൊഴിലാളിയായിരുന്ന രാജേഷ് ഈ മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായതോടെയാണ്  വായ്പയെടുത്ത് ഓട്ടോ വാങ്ങിയത്. ബിജെപി പ്രവർത്തകനാണ് രാജേഷ്.

അതേസമയം, കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എലത്തൂർ പോലീസ് അറിയിച്ചു. രാജേഷിന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ഒളിവിൽ പോയ ഒ. കെ. ശ്രീലേഷ് , ഷൈജു കാവോത്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെ ന്ധുവീടുകളിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ പത്ത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എലത്തുർ പോലീസ് അഴിമുഖത്തോട് പ്രതികരിച്ചു. അറസ്റ്റിലായ രണ്ട് പേർ സിപിഎം പ്രവർത്തകരാണെന്നും പോലീസ് പ്രതികരിച്ചു.

നാല് ദിവസം മുമ്പ് നടന്ന സംഭവത്തിന് പിന്നാലെയായിരുന്നു രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജേഷിനെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ്  രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ ചികിൽസയിലിക്കെ ശനിയാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്.

രണ്ടാഴ്ച്ച മുമ്പായിരുന്നു രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെര്‍മിറ്റ് അടക്കമുള്ളവ രേഖകൾ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ അന്നു മുതല്‍ മറ്റു ഓട്ടോ ഡ്രൈവര്‍മാരുമായി തര്‍ക്കമുണ്ടാവുകയായിരുന്നെന്നാണ് റിപ്പോർട്ട്. രാജേഷിന്റെ ഓട്ടോ സ്റ്റാൻഡിൽ ഓടോ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ ഇത് അവഗണിച്ച് രാജേഷ് സ്റ്റാൻഡിൽ എത്തിയതോടെയാണ് തർക്കം മർദ്ദനം ഉൾപ്പെടെയുള്ളതിലേക്ക് നീണ്ടത്. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും അരോപണം ഉണ്ടായിരുന്നു. മര്‍ദ്ദനത്തില്‍ രാജേഷിന്റെ വൃക്കയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍