UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഋഷിരാജ് സിങിന്റെ അയ്യപ്പജ്യോതി’: വ്യാജ ചിത്രം നിർമ്മിച്ച യുവാവ് അറസ്റ്റിൽ

ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയിൽ അണിനിരന്നപ്പോൾ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം

അയ്യപ്പ കർമസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ എക്സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിങ് ഐപിഎസ് പങ്കെടുത്തെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവല്ല സ്വദേശിയായ ജെ ജയൻ എന്നയാളാണ് അറസ്റ്റിലായത്. ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയിൽ അണിനിരന്നപ്പോൾ എന്ന അടിക്കുറിപ്പോടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിലാണ് നടപടി. ദീപമേന്തിയ ഋഷിരാജ് സിങിന്റെ ചിത്രത്തോടെയായിരുന്നു പ്രചാരണം. തിരുവല്ല പോലീസാണ് തിരുമുലപുരത്തെ പൂർണിമയിൽ ജയനെ അറസ്റ്റ് ചെയ്തത്.

ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടന്നത്. ധാരാളം പേര് ഈ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പരാതിയും നൽകിയിരുന്നു.

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത അയ്യപ്പ ജ്യോതി ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന് ബദലായാണ് അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്. ശബരിമല യുവതീ പ്രവേശനത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മ്മ സമിതിയാണ് സംഘാടകര്‍.

അതെ സമയം സുരേഷ് ഗോപി എം പി, മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ എന്നിവരടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസം നടന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്തിരുന്നു.

 

അയ്യപ്പജ്യോതി തെളിയിച്ചെന്ന് വ്യാജ പ്രചാരണം; ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍