UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്കറിന്റെ മരണം; ഫോറൻസിക് സംഘം വാഹനം പരിശോധിച്ചു; ഡ്രൈവറെ ചോദ്യം ചെയ്യും

അപകടത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ കേന്ദ്രികരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിന് പിറകെ നടപടികളുമായി പോലീസ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ നിന്നുള്ള വിദഗ്ധസംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചു. അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കൊളജിലെ ഫോറന്‍സിക് മെഡിസിന്‍ സംഘം തലവന്‍ ഉള്‍പ്പെടെയുള്ള നാലംഗ വിദഗ്ധസംഘമാണ് ശനിയാഴ്ച പരിശോധനയില്‍ പങ്കെടുത്തത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും നല്‍കിയ മൊഴില്‍ വൈരുദ്ധ്യം വന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ അപകട സമയത്ത് ഇരുന്നിരുന്ന ഇടങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പോലീസ് കരുതുന്നത്.

അതിനിടെ, അപകടം പുനരന്വേഷിക്കുന്നതോടെ ഡ്രൈവര്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനുമുന്നോടിയായി ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളുണായിരുന്നെന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ആശുപത്രി അധികൃതരെ വിളിച്ചുവരുത്താനും  നീക്കമുണ്ട്.

അപകടത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ കേന്ദ്രികരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. സംഭവ സമയത്ത് ഇതുവഴി കടന്നുപോയവരാണ് ആദ്യം അപകടം ശ്രദ്ധയില്‍പ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ ഉണ്ടായിരുന്ന ഇവര്‍ മറ്റു ജില്ലക്കാരണാണെന്നാണ് വിവരം. ഇതിലൊരാള്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയെ ആശുപത്രിയില്‍ എത്തിച്ച സംഘത്തിലും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമുണ്ടായില്ല. എന്നാല്‍ ഇവരെ കുറിച്ച് വിവരം ലഭിച്ചതായും രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ പറയുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകളെന്തെല്ലാം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍