UPDATES

ബിൻലാദനെ വധിച്ചപ്പോൾ അമേരിക്ക സാറ്റ്ലൈറ്റ് തെളിവുകൾ പുറത്തുവിട്ടതുപോലെ ബലാക്കോട്ടെ മിന്നലാക്രമണ ദൃശ്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യം; രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു

മിന്നലാക്രമണത്തിൽ 300 പേര്‍ കൊല്ലപ്പെട്ടന്ന് സർക്കാർ അവകാശപ്പെട്ടില്ലെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ രംഗത്തെത്തിയതാണ് സംഭവത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവച്ചത്

പുൽവാമയിൽ 40 സിആർപിഎഫ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ കുരിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. സംഭവത്തിലെ മരണ സംഖ്യ സംബന്ധിച്ചാണ് ഇപ്പോഴും തർക്കം തുടരുന്നത്. 200 മുതൽ 300 പേർ വരെ കൊല്ലപ്പെട്ടനായിരുന്നു ആക്രമണത്തിന് പിറകെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് സ്ഥിരീകരണം ഉണ്ടായില്ലെന്ന് മാത്രമല്ല മരണസംഖ്യ നിഷേധിച്ച് പാക്കിസ്താൻ രംഗത്തെത്തുകയും ചെയ്തു. ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലത്ത് ആരും കൊല്ലപ്പെട്ടതായി അറിയില്ലെന്ന പ്രദേശ വാസികള ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി. ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ പരാതി നല്‍കിയിരുന്നു. ‘പ്രകൃതി-തീവ്രവാദം’ എന്നാണ് പാകിസ്താന്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്.

അതിനിടെ മിന്നലാക്രമണത്തിൽ 300 പേര്‍ കൊല്ലപ്പെട്ടതെന്ന് സർക്കാർ അവകാശപ്പെട്ടില്ലെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ രംഗത്തെത്തിയതാണ് സംഭവത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവച്ചത്. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്നായിരുന്നു അലുവാലിയയുടെ പ്രതികരണം. 300 ആളുകള്‍ കൊല്ലപ്പെട്ട വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് മോദി വെളിപ്പെടുത്തണമെന്ന് മമത ബാനര്‍ജിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ആയിരുന്നില്ല വ്യോമസേനയുടെ ലക്ഷ്യമെന്നും, ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നെന്നുമായികുന്നു മന്ത്രിയുടെ നിലപാട്. കൊല്ലുപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി വക്താവോ, അമിത് ഷായോ അവകാശ വാദം ഉന്നയിച്ചിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഇതിന് പിറകെയാണ് ആക്രമണം സംബന്ധിച്ച തെളിവുകൾ പുറത്ത് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംങാണ് ഇതിൽ പ്രമുഖൻ. തെളിവുകൾ പുറത്തുവിടാൻ കേന്ദ്രസര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം ഉസാമ ബിന്‍ലാദനെ വധിച്ചശേഷം യു.എസ് തെളിവുകള്‍ നല്‍കിയതുപോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംഭവത്തിന്റെ ചിത്രങ്ങള്‍ എടുക്കാനാകും. ഇത് പുറത്ത് വിടാൻ തയ്യാറാവണം. എന്നാൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചതിനെ ഞാന്‍ ചോദ്യം ചെയ്യുകയല്ലെന്നും അദ്ദേഹം പറയുന്നു. ബിഎസിപി നേതാവ് മായാവതിയും തെളിവ് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ബാലകോട്ട് ആക്രമണത്തിൽ ഡസൻകണക്കിന് ജെയ്ഷ് തീവ്രവാദികൾ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷി തെളിവുകളുണ്ടെന്ന് ഇന്നലെ മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യ നടത്തിയ ആക്രമണത്തിനു ശേഷം 35 ശവശരീരങ്ങൾ ഒരു ആംബുലൻസിൽ നഗരത്തിന്റെ പുറത്തേക്ക് കടത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നതായി ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരങ്ങൾ നൽകിയവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിലില്ല. പ്രാദേശിക സർക്കാർ അധികാരികളാണ് വിവരം നൽകിയതെന്നും ഇവർ ഭീതി മൂലം പേരുകൾ വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

സ്ഥലത്തേക്ക് ആക്രമണം നടന്നയുടൻ എത്തിയ പട്ടാളം പൊലീസുകാരെപ്പോലും അകത്തേക്ക് വിടുകയുണ്ടായില്ലെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞതായി ഫസ്റ്റ്പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഫസ്റ്റ്പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം മുൻ പാകിസ്താനി ഇന്റർ സർവ്വീസ് ഇന്റലിജൻസ് (ഐഎസ്ഐ) ഓഫീസറും പ്രദേശത്ത് ‘കേണൽ സലിം’ എന്നറിയപ്പെടുന്നയാളുമായ ജെയ്ഷെ പ്രവര്‍ത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.

അതിനിടെ വ്യോമാക്രമണത്തിൽ നാശനഷ്ടമുണ്ടായെന്ന് ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരൻ സഹോദരന്‍ മൗലാന അമർ പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. ഇന്ത്യന്‍ വ്യോമസേന വനമേഖലയിലാണ് ബോംബിങ് നടത്തിയതെന്ന പാക് സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് തങ്ങളുടെ കേന്ദ്രം ആക്രമിക്കപ്പെതായി ജയ്ഷ് ഇ- മുഹമ്മദ് പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് തങ്ങളുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് അമര്‍ പറയുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ ഏതെങ്കിലും ഏജന്‍സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരയോ സുരക്ഷിത താവളങ്ങള്‍ക്ക് നേരയോ അക്രമം നടത്തിയിട്ടില്ല. ‘ജിഹാദ്’ നെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്രമാണ് അവര്‍ അക്രമിച്ചത്.’ ‘ശത്രുക്കള്‍ പാക് അതിര്‍ത്തി കടന്ന് തങ്ങളുടെ കേന്ദ്രങ്ങള്‍ അക്രമിച്ചതിലൂടെ ഇന്ത്യ തങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അമറിന്റെ ശബ്ദ സന്ദേശം വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍