UPDATES

ബിനോയ് വിഷയത്തിൽ ഇടപെടില്ല, ആരോപണ വിധേയർ സ്വന്തം നിലയ്ക്ക് നേരിടും: സിപിഎം കേന്ദ്ര നേതൃത്വം

പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നാണ് നേതാക്കളുടെ പ്രതികരണം. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതാക്കൾ. പരാതി ആരോപണ വിധേയർ കൈകാര്യം ചെയ്യും. കേസ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നതല്ലെന്നും കേന്ദ്ര നേതാക്കൾ പ്രതികരിച്ചതായി എഷ്യാനെറ്റ് ന്യുസ് റിപ്പോർട്ട് പറയുന്നു.

ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും. കേസിൽ സിപിഎം ഇടപെടില്ല. പരാതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നാണ് നേതാക്കളുടെ പ്രതികരണം.

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ദുബായിലെ മുൻ ബാർ ഡാൻസർ കൂടിയായ യുവതി മുംബൈയിലാണ് പരാതി നൽകിയത്. 2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

എന്നാൽ തനിക്കെതിരെ ഉയർന്ന ബലാൽത്സംഗ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തെത്തി. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിക്കുന്നു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നു. 5 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍