UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കാര്‍ ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നു, ചാരപ്പണി നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളല്ല: ദിഗ് വിജയ് സിംഗ്‌

പാകിസ്താന്റെ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ അല്ലാത്തവരാണെന്നും ഇത് ശ്രദ്ധിക്കണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു

ബിജെപിക്കാരും ബജ്രംഗ് ദളുകാരും പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നുണ്ട് എന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. ഇത് ഗൗരവമായി കാണണം. പാകിസ്താന്റെ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ അല്ലാത്തവരാണെന്നും ഇത് ശ്രദ്ധിക്കണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ മത്സരിച്ച ദിഗ് വിജയ് സിംഗ്, മാലേഗാവ് സ്‌ഫോടന കേസ് പ്രതിയായ ബിജെപിയുടെ പ്രഗ്യ സിംഗ് ഠാക്കൂറിനോട് പരാജയപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റേയും ജ്യോതിരാദിത്യ സിന്ധയുടേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ സംഘര്‍ഷം നടക്കുകയാണ്. ദിഗ് വിജയ് സിംഗിന്റെ ഗ്രൂപ്പ് താരതമ്യേന ദുര്‍ബലപ്പെട്ടിരിക്കുകയാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ച ബി എസ് പി അധ്യക്ഷ മായാവതി ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചത് ദിഗ് വിജയ് സിംഗിനെയായിരുന്നു. സിംഗ് ബിജെപിയുടെ ഏജന്റാണ് എന്ന് മായാവതി വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസിന് തീവ്രവാദബന്ധമുണ്ട് എന്ന് നേരത്തെ ദിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും ആര്‍എസ്എസും തന്നെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യയുമടക്കമുള്ള നേതാക്കള്‍ പരാജയപ്പെടുകയായിരുന്നു. മുഖ്യമന്ത്രി പിസിസി പ്രസിഡന്റ് സ്ഥാനം കൈവശം വച്ചിരിക്കുന്നത് ശരിയല്ലെന്നും തന്നെ പിസിസി പ്രസിഡന്റാക്കണമെന്നും പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപിയിലേയ്ക്ക് പോയേക്കാമെന്ന സാധ്യത വകെ ജ്യോതിരാദിത്യ മുന്നില്‍ വയ്ക്കുന്നുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിലപാടിന് വിരുദ്ധമായി ജ്യോതിരാദിത്യ ശക്തമായി അനുകൂലിച്ചിരുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രി അര്‍ജ്ജുന്‍ സിംഗിന്റെ മകന്‍ അജയ് സിംഗിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ടുവന്ന് ജ്യോതിരാദിത്യയെ വെട്ടാനാണ് കമല്‍നാഥിന്റെ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍