UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ വി തോമസിനെ പിന്തുണച്ച് ബിജെപി; തഴഞ്ഞത് മോദിയെ പ്രശംസിച്ചതിനാൽ: ബി ഗോപാലകൃഷ്ണൻ

പലരും കേരളത്തില്‍ മോദി ആരാധനയുടെ പേരില്‍ പുറത്ത് വരും. പലര്‍ക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസ് പരസ്യമായി രംഗത്തെത്തിയതിന് പിറകെ രാഷ്ട്രീയ വിവാദവും കനക്കുന്നു. എം.പി. കെ.വി.തോമസിന് കോൺഗ്രസ് സീറ്റ് നൽകാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് പ്രതികരണവുമായി ബിജെപി വക്താവ് ബി ഗോപാലാകൃഷ്ണന്‍ രംഗത്തെത്തി. സീറ്റില്ലെന്ന് വ്യക്തമായതിന് പിറകെ ബിജെപി പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് കെവി തോമസ് പ്രതികരിക്കാതിരുന്നതിന് പിറകെയാണ്  പിന്തുണ നൽകികൊണ്ട് ബി ഗോപാലൃഷ്ണന്റെ രംഗപ്രവേശം.

പ്രൊ. കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതിയാണ്, ഇത് നിര്‍ഭാഗ്യകരം. നിലപാടിന് പിന്നിലെ മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തില്‍ മോദി ആരാധനയുടെ പേരില്‍ പുറത്ത് വരും. പലര്‍ക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

എറണാകുളം സീറ്റിൽ തന്നെ തഴഞ്ഞ് ഹൈബി ഈഡനെ സ്ഥാനാർഥിയാക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിറകെ നിലവിലെ എംപിയുമായ കെവി തോമസ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞാൻ എന്തു തെറ്റ് ചെയ്തെന്നറിയില്ല. ഏൽപ്പിച്ച ജോലികളെല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി എല്ലാ വികസന പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.” -അദ്ദേഹം പറഞ്ഞു. തന്റെ എംപി ഫണ്ട് വിനിയോഗം ഒരു റെക്കോർഡാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം സീറ്റിൽ ഹൈബി ഈഡനാണ് മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗികമായി ഈ വിവരം പുറത്തു വന്നിട്ടില്ല ഇപ്പോൾ. താൻ ഗ്രൂപ്പ് പ്രവർത്തനം വളരെ മുമ്പു തന്നെ അവസാനിപ്പിച്ചതാണ്. ഗ്രൂപ്പ് പ്രവർത്തനം ഇല്ലാഞ്ഞതിനാലാണോ താൻ തഴയപ്പെടാൻ കാരണമെന്നറിയില്ലെന്നും തോമസ് വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനത്തിൽ ഇനിയും സജീവമായി താനുണ്ടാകുമെന്ന് കെവി തോമസ് പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ ഖേദമില്ല. തന്നെട് പറയാമായിരുന്നു, അത് ചെയ്തില്ല എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 72 വയസ്സായി എന്നത് തന്റെ കുറ്റമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സൂചന പോലും തരാതെ ഒഴിവാക്കിയതിൽ ദുഖമുണ്ടെന്നും തോമസ് പറഞ്ഞു. പാർട്ടിയുടെ തീരുമാനം നടപ്പാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍