UPDATES

വാര്‍ത്തകള്‍

വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച് ബിജെപി പ്രസിഡന്റ്റ് അമിത് ഷാ

നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ബിജെപി അധ്യക്ഷന്റെ വിവാദ പ്രസംഗം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാല്‍ പാക്കിസ്ഥാനാണോയെന്ന് തോന്നുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ദിവസം നടത്തിയ റോഡ് ഷോയ്ക്കിടെ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരും അവരുടെ പാര്‍ട്ടി പതാകയുമായി റാലിയില്‍ പങ്കെടുത്തിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഷായുടെ പ്രസ്താവന. ഉത്തര്‍ പ്രദേശിലെ അമേത്തിക്ക് പുറമേയാണ് രണ്ടാം സീറ്റായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്.

“രാഹുല്‍ ബാബ, തന്റെ മുന്നണിക്ക് വേണ്ടി കേരളത്തിലെ അത്തരമൊരു സീറ്റില്‍ മത്സരിക്കാന്‍ പോയി. അവിടെ നടന്ന പ്രകടനം കണ്ടാല്‍ ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് കാഴ്ചക്കാര്‍ക്ക് സംശയം തോന്നും. അത്തരമൊരു സീറ്റില്‍ അയാള്‍ മത്സരിക്കാന്‍ പോയി എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല” എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

പുല്‍വാമ ഭീകരാക്രമണ വിഷയവും അമിത് ഷായുടെ പ്രസംഗത്തില്‍ കടന്നു വന്നു. പുല്‍വാമയില്‍ 40 സൈനികരെ കൊലപ്പെടുത്തിയതിനെതിരെ ബലാക്കോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതില്‍ രാജ്യം മുഴുവന്‍ ആഹ്‌ളാദിക്കുമ്പോള്‍ ദു:ഖഭരിതമായ മൗനം ഉണ്ടായത് പാക്കിസ്ഥാനിലും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിലുമായിരുന്നു എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.

സംഝോത ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട വിഷയവും അമിത് ഷാ പ്രസംഗത്തില്‍ ഉപയോഗിച്ചു. ലോകം മുഴുവന്‍ ഹിന്ദു സമുദായത്ത അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും ഹിന്ദു ഭീകരത എന്ന് പറയുന്നതിലൂടെ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ഇതിന് മാപ്പു പറയണം എന്നുമായിരുന്നു അമിത് ഷായുടെ പ്രസംഗം.

നാഗ്പൂരില്‍ ഒന്നാം ഘട്ടമായ ഏപ്രില്‍ 11-നാണ് തെരഞ്ഞെടുപ്പ്. ഇവിടെ ജനവിധി തേടുന്ന ഗഡ്കരിക്കെതിരെ കര്‍ഷക നേതാവായ നാനാ പട്ടോലയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി ടിക്കറ്റില്‍ ഭന്ദാര-ഗോണ്ഡിയ സീറ്റില്‍ വിജയിച്ച പട്ടോലെ 2017-ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍ എത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാട് സീറ്റിനെ സംബന്ധിച്ച് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഹിന്ദുക്കളുടെ രോഷം ഭയന്നാണ് രാഹുല്‍ ഗാന്ധി ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള വയനാട്ടിലേക്ക് മത്സരിക്കാന്‍ പോയത് എന്നായിരുന്നു മോദിയുടെ പ്രസ്താവന. മോദിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

ശിശുമരണ നിരക്കിന്റെ കാര്യത്തില്‍ മുമ്പ് കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ടൈംസ് നൗ ചാനലും കേരളത്തെ പാക്കിസ്ഥാനോട് ഉപമിച്ചിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ യുപി മുഖ്യന്ത്രി യോഗി ആദിത്യനാഥും സമാനമായ വിധത്തില്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യ വിഭജനത്തിനു കാരണമായ മുസ്ലീം ലീഗ് ‘വൈറസ്’ ആണെന്നും ഇത് ഇപ്പോള്‍ കോണ്ഗ്രസ് പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുകയാണെന്നും ഇനി കോണ്‍ഗ്രസ് വിജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ പടരും, വീണ്ടും രാജ്യം വിഭജിക്കപ്പെടും എന്നുമായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. ഇതിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയും മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മീററ്റില്‍ നടത്തിയ പ്രസംഗത്തിലും യുപി മുഖ്യമന്ത്രി ഇത് ആവര്‍ത്തിച്ചു. ‘പച്ച വൈറസി’നെ തുടച്ചു നീക്കണം എന്നായിരുന്നു ആദിത്യനാഥിന്റെ പ്രസംഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍