UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല ചര്‍ച്ചയില്‍ പങ്കെടുത്തു; ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പി കൃഷ്ണദാസിനെ സസ്പെന്‍ഡ് ചെയ്തു

ബിജെപി വക്താവായല്ല, അഭിഭാഷകന്‍ എന്ന നിലയ്ക്കാണ് ചാനലുകാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും, ആ നിലയ്ക്കു തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും കൃഷ്ണദാസ്

ബിജെപി സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് അഡ്വ. പി. കൃഷ്ണദാസിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താത്ക്കാലികമായി പുറത്താക്കി. പാര്‍ട്ടിയുടെ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന സമിതി കൃഷ്ണദാസിനെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 17-ന് വൈകീട്ട് പാര്‍ട്ടിയുടെ അറിവോ സമ്മതമോ കൂടാതെ കൃഷ്ണദാസ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സംസ്ഥാന അധ്യക്ഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്. നിശ്ചിത കാലയളവിലേക്കാണ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നതെന്നും, അന്വേഷണത്തിനു ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സാധ്യതയുണ്ടെന്നും സംസ്ഥാന സമിതിയുടെ വക്താക്കള്‍ അറിയിച്ചു. മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു പോകുന്നതിന് സംസ്ഥാന സമിതി അംഗീകരിച്ച വ്യവസ്ഥകളുണ്ട്. അതു ലംഘിച്ചുകൊണ്ടാണ് അഡ്വ. കൃഷ്ണദാസ് ചര്‍ച്ചയില്‍ പങ്കെടുത്തിരിക്കുന്നതെന്നും വക്താക്കള്‍ പറയുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായ പരാമര്‍ശങ്ങള്‍ മാതൃഭൂമി ചര്‍ച്ചയില്‍ നടത്തിയതിനെത്തുടര്‍ന്നാണ് അച്ചടക്കനടപടികള്‍ സ്വീകരിച്ചതെന്ന സൂചനയും പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.

എന്നാല്‍, പുറത്താക്കിയെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും, നേരിട്ട് തന്നെ ആരും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ബിജെപി വക്താവായല്ല, അഭിഭാഷകന്‍ എന്ന നിലയ്ക്കാണ് ചാനലുകാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും, ആ നിലയ്ക്കു തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങളും കോടതി വിധിയുടെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യാനാണ് തന്നെ ക്ഷണിച്ചത്. ഒരു അഭിഭാഷകനായിത്തന്നെയേ സംസാരിച്ചിട്ടുമുള്ളൂ. പാര്‍ട്ടി നിലപാടിനു വിരുദ്ധമായ ഒരു വിഷയവും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും, അത്തരത്തിലൊരു പരാമര്‍ശം തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍