UPDATES

കക്കൂസ് കഴുകുകയല്ല എംപിയുടെ പണി എന്ന് പറഞ്ഞ പ്രഗ്യ സിംഗിനെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ചുവരുത്തി ശാസിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിക്കുന്നതാണ് പ്രഗ്യയുടെ പരാമര്‍ശമെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ശാസന.

കക്കൂസ് കഴുകുകയല്ല എംപിമാരുടെ പണി എന്ന് പറഞ്ഞ് ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെ പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തി ശാസിച്ച് വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിക്കുന്നതാണ് പ്രഗ്യയുടെ പരാമര്‍ശമെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ലോക്‌സഭയിലേയ്ക്ക് തന്നെ തിരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കാനല്ല എന്ന് പ്രഗ്യ പറഞ്ഞിരുന്നു.

പാര്‍ട്ടിയുടെ പരിപാടികള്‍ക്കും ആശയങ്ങള്‍ക്കും എതിരായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത് എന്ന് ജെപി നദ്ദ പ്രഗ്യയോട് ആവശ്യപ്പെട്ടതായി ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷം ഭോപ്പാല്‍ എംപിയായ പ്രഗ്യ സിംഗ് ഠാക്കൂര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

മധ്യപ്രദേശിലെ സെഹോറില്‍ ഇന്നലെ ബിജെപി യോഗത്തിലാണ് പ്രഗ്യ കക്കൂസ് പരാമര്‍ശം നടത്തിയത്. എംഎല്‍എമാരുമായും മറ്റ് ജനപ്രതിനിധികളുമായും ചേര്‍ന്ന് വികസനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് എംപിയുടെ ജോലി. അല്ലാതെ നിങ്ങളുടെ കക്കൂസ് കഴുകി വൃത്തിയാക്കലല്ല. മനസിലായോ – പ്രഗ്യ ഇങ്ങനെ പറഞ്ഞിരുന്നു.

ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി പ്രഗ്യ ലോക്‌സഭയിലേയക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാലേഗാവ് സ്‌ഫോടന കേസ് പ്രതിയായ പ്രഗ്യ സിംഗ് ഠാക്കൂറിനെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി തീരുമാനം വിവാദമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പറഞ്ഞ പ്രഗ്യ സിംഗ്, മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമാണ് എന്നും പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍