സജിയുടെ ദേഹത്തേക്ക് മുളകു പൊടു വിതറിയ ശേഷം പുറത്തുനിന്ന് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നെന്നാണ് വിവരം.
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ അജ്ഞാതന്‍ പെട്രോളൊഴിച്ച് തീക്കൊളുത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിള (53) മരിച്ചത്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ ബസ്സ്റ്റോപ്പിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സജി കുരുവിള വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടയാണ് അക്രമിക്കപ്പെട്ടത്. സ്ഥാപനത്തിലെത്തിയ അജ്ഞാതന്‍ സജിയുടെ ശരീത്തിലേക്ക് പെട്രോള്‍ ഒഴിച്ചതിന് ശേഷം തീക്കൊളുത്തുകയായിരുന്നു.
ഓഫീസിനുള്ളില്‍ ഇരുന്നിരുന്ന സജിയുടെ ദേഹത്തേക്ക് മുളകു പൊടു വിതറിയ ശേഷം പുറത്തുനിന്ന് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നെന്നാണ് വിവരം. ശരീരത്തില്‍ തീ പടര്‍ന്ന സജി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് തീയണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിന് ശേഷം കെട്ടിടത്തിന് പിറകിലുടെ ഒരാള്‍ ഓടിമറഞ്ഞതായും സമീപവാസികള്‍ പറഞ്ഞു.