UPDATES

‘രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവര്‍ അക്രമത്തിന് സന്നദ്ധരാവില്ല’; ഇരട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും

കാസർക്കോട്ടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പാർട്ടി സെക്രട്ടറി  വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി മാത്രമല്ല, പാര്‍ട്ടി തല നടപടിയും സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞിട്ടുണ്ട്.

പ്രതികളെ പിടികൂടാൻ സർക്കാർ കർ‌ശനമായ നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകം തെറ്റായ കാര്യമാണ്. ഇതിനെ സര്‍ക്കാര്‍ അപലപിക്കുന്നു. സംഭവത്തെ ഗൗരവമായി കണ്ട് പ്രതികള്‍ക്കെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.  കാസര്‍കോട് എല്‍ഡിഎഫ് ജാഥ നടക്കുന്ന സമയത്താണ് ഈ കൊലപാതകം നടന്നത്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവര്‍ ഇതിന് സന്നദ്ധരാകുമോ എന്നും പിണറായി ചോദിക്കുന്നു.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല, ആക്രമണത്തിന് വിധേയരായവരുടെ പാര്‍ട്ടിയാണ് സിപിഎം. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നവരുടെ പാര്‍ട്ടിയാണ്. ജനങ്ങള്‍ എതിരാകുന്ന ഒരു നിലപാടും പാര്‍ട്ടി സ്വീകരിക്കില്ല.  സിപിഎം.ഒരുകാലത്തും അക്രമത്തിന്റെ ഭാഗമായിട്ടില്ല, ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും പിണറായി പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ ക്രമാധാന നിലമെച്ചപ്പെട്ട അവസ്ഥയിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കും. വെറ്റിറിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയിലെ താല്‍ക്കാലിക ജോലിയാണ് സ്ഥിരപ്പെടുത്തി നല്‍കുക. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഭാര്യയ്ക്ക് 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവുമാണ് നല്‍കുക. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹർത്താൽ നിയന്ത്രിക്കാന്‍ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകള്‍ ദേശീയതലത്തിൽ മുൻനിരയിലെത്തി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി. ലോകകേരള സഭ നേട്ടങ്ങൾ കൊണ്ടുവരും. വ്യാവസായിക മുന്നേറ്റത്തിന് ചട്ടങ്ങൾ മാറ്റി. സർക്കാർ 1000 ദിവസം തികയ്ക്കുന്നതിന്റെ ആഘോഷം നാളെ കോഴിക്കോട് തുടങ്ങും. 27 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ പദ്ധതികൾ സംസ്ഥാനത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍