ഇ ശ്രീധരന്‍ ആയിരിക്കും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുക.
നിര്‍മ്മാണത്തിലെ ഗുരുതരമായ പാളിച്ചകള്‍ കൊണ്ട് വിവാദമായ എറണാകുളത്തെ പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ ആദ്യ വാരം നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷത്തിനുള്ള പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിഎംആര്‍സി മുന്‍ ചെയര്‍മാനും മുഖ്യ ഉപദേഷ്ടാവുമായിരുന്ന ഇ ശ്രീധരന്‍ ആയിരിക്കും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുക. പാലത്തിന്റെ രൂപകല്‍പ്പനയും പദ്ധതി ചിലവും അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കും.
പാലം ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രായോഗികമാകില്ലെന്നും പുതിയ പാലം നിര്‍മ്മിക്കുകയാണ് വേണ്ടത് എന്നുമുള്ള ഇ ശ്രീധരന്റെ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയാണോ അതോ നിലവിലെ പാലം പൊളിച്ച് പുതിയ പാലം പണിയുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടില്‍ അവ്യക്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ശ്രീധരന്റെ ഉപദേശം സര്‍ക്കാര്‍ തേടിയത്.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലം നിര്‍മ്മിച്ചതിലെ ഗുരുതര പാളിച്ചകളും സാമ്പത്തിക ക്രമക്കേടും വലിയ വിവാദമായതാണ്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള ഉദ്യോഗസ്ഥരെ പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. 2014ല്‍ നിര്‍മ്മാണം തുടങ്ങി. 2016ല്‍ ഉദ്ഘാടനം ചെയ്ത പാലത്തിന് 42 കോടി രൂപയാണ് ചിലവായത്. പൊതുമരാമത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവരെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.