UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ദുരിതാശ്വാസത്തിന് മുന്‍ഗണന; സഹകരിച്ച എല്ലാവര്‍ക്കും നന്ദി: മുഖ്യമന്ത്രി

സമാനതകളില്ലാത്ത പ്രതിസന്ധി മറികടക്കുന്നതിന് കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുണ്ടായ പ്രളയ ദുരിതത്തില്‍ നിന്നും പരമാവധി ജീവന്‍ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഇന്നത്തോടെ രക്ഷാ പ്രവര്‍ത്തനം ഭൂരിഭാഗവും പൂര്‍ണമാവും. ഇനി ദുരിതാശ്വാസത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയ ദുരിതം പേറി സംസ്ഥാനത്ത് 7,24,649 പേര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 5,645 ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ നിരവധി സ്ത്രീകളുണ്ട്. ഇവരുടെ ഉള്‍പ്പെടെയുള്ള സുരക്ഷയ്ക്കായി ഇവിടെ വനിതാ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെള്ളം കയറിയ നിലയില്‍ നിരവധി വീടുകളുണ്ട്. ഇവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. ആരോഗ്യ പരിപാലനത്തി പ്രത്യേക ശ്രദ്ധ പതിയണം. ഇല്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്തില്‍ ഹെല്‍ത്ത് ഓഫീസര്‍മാരെ നിയമിക്കും. ശുദ്ധ ജല വിതരണം യുദ്ധകാലാടിസ്ഥനത്തില്‍ നടപ്പാക്കും. മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്റെയും പൊതുജന സഹകരണത്തോടെയും ഇക്കാര്യങ്ങള്‍ ചെയ്യും. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും അഡീഷണല്‍ ചീഫ്സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഓണപ്പരീക്ഷമാറ്റിവയ്ക്കാന്‍ തീരുമാനച്ചിട്ടുണ്ട്. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പുതിയത് സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനങ്ങളിലെ മല്‍സ്യത്തൊഴിലാളികളുടെ സേവനം മാതൃകാപരം. അവരുടെ സേവനത്തിന് നന്ദി. സേവനത്തിന് ശേഷം മടങ്ങുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരികെ പോവാനുള്ള സഹായം ജില്ലാഭരണ കുടങ്ങള്‍ ലഭ്യമാക്കും. ഇന്ധനത്തിന് പുറമേ ഒരു ദിവസത്തിന് 3000 രൂപയും നല്‍കും. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരണം നല്‍കും. ഗതാഗതം മേഖല പുനസ്ഥാപിക്കും. റെയില്‍വെയുടെ തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം യാത്ര നടത്തുന്നതിനുള്ള താത്ക്കാലിക സൗകര്യങ്ങള്‍ സ്വീകരിക്കും. വന്‍നാശ നഷ്ടങ്ങളാണ് റോഡുകള്‍ക്കുണ്ടായിട്ടുള്ളത്. നേരത്തെ മാറ്റിവെച്ച ആയിരം കോടി രൂപ ഇത് പരിഹരിക്കാനുപയോഗിക്കും.

സമാനതകളില്ലാത്ത പ്രതിസന്ധി മറികടക്കുന്നതിന് കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായങ്ങള്‍ കൂട്ടിയുറപ്പിച്ച് മുന്നോട്ട് പോകും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായങ്ങളൊരുക്കുകയും വാഗ്ദ്ധാനങ്ങള്‍ നല്‍കുകയും ചെയ്തതിനെ അനുസ്മരിക്കുന്നു. നടപടികളുമായി സഹകരിച്ച മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി, ഇതര സംസ്ഥാനങ്ങളും ഒരുപാട് സഹായിച്ചു. വിവിധ സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണറുടെ നപടികളേയും സര്‍ക്കാര്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തന്തിന് സഹകരിച്ച സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനദാതാക്കള്‍ എന്നിവര്‍ക്കും നന്ദിയുണ്ട്. പ്രവാസികളുടെയടക്കം സഹകരണത്തിന് സര്‍ക്കാരിന് വലിയ കടപ്പാടും നന്ദിയുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍