UPDATES

ട്രെന്‍ഡിങ്ങ്

‘ഹിന്ദി രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുമെന്ന ധാരണ ശുദ്ധഭോഷ്ക്, സംഘപരിവാര്‍ അജണ്ട പുതിയ സംഘര്‍ഷവേദി തുറക്കാന്‍’: അമിത് ഷായ്ക്കെതിരെ പിണറായി വിജയന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തി.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് എന്ന് പിണറായി ആരോപിച്ചു. അമിത് ഷായുടെ സംഘപരിവാര്‍ അജണ്ടയാണ് ഹിന്ദി മേധാവിത്ത വാദത്തിലൂടെ വ്യക്തമായിരിക്കുന്നത് എന്ന് പിണറായി അഭിപ്രായപ്പെട്ടു.

ഹിന്ദി അജണ്ട പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. മറ്റ് ഭാഷകള്‍ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ‘ഹിന്ദി അജണ്ട’യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘപരിവാർ മനസ്സിലാക്കുന്നത് നന്ന്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തി.

ചെന്നിത്തലയുടെ പോസ്റ്റ്:

സ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ ഹിന്ദി ഭാഷയിൽ ബിരുദത്തിന് തുല്യമായ വിശാരദ് പാസായ വ്യക്തിയാണ് ഞാൻ. എനിക്ക് ഏറെ ഇഷ്ടമുള്ള ഭാഷയാണ് ഹിന്ദി. ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിൽ നിന്നാണ് ഈ നല്ല ഭാഷ എനിക്ക് വശമായത്. പക്ഷെ ഒരു രാജ്യത്തിന് ഒരു നികുതി എന്നപോലെ ഒരു ഭാഷ എന്ന രീതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ത്രിഭാഷാ സംവിധാനം നിലനിൽക്കുന്ന പാഠ്യക്രമമമാണ് ഇവിടെയുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകളും കുട്ടികൾ പഠിക്കണം. എല്ലാ ഭാഷകൾക്കും തുല്യപദവിയാണ്. ഒരു ഭാഷയും മറ്റുഭാഷകളേക്കാൾ മഹത്തരമല്ല. ഭാഷയിലെ വൈവിധ്യം ഇന്ത്യയുടെ സൗന്ദര്യമാണ്. ഹിന്ദി അടിച്ചേൽപ്പിക്കരുത്. ഇന്ത്യയെ രൂപപ്പെടുത്തിയ പണ്ഡിറ്റ് നെഹ്‌റു ഉൾപ്പെടുത്തിയ ദേശീയ നേതാക്കൾ വൈവിധ്യം കാത്ത് സൂക്ഷിച്ചവരാണ്. ഈ നാനാത്വം ഭാഷയുടെ പേരിൽ നശിപ്പിക്കരുത്

Along with completing my schooling I completed Hindi visharad which is equivalent to a degree. I am very much fond of the language.But I am strongly against the imposition of Hindi as a compulsory language.
The students should study three languages as is done today. English, Hindi and the mother tongue .Every language should get equal status.Different languages are part of varied culture and pluralism.BJP should not destroy the pluralistic fabric of the Country by imposing Hindi

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് അമിത് ഷായുടെ ഹിന്ദി ദേശീയ ഭാഷാ വാദത്തെ എതിര്‍ത്തുകൊണ്ട് ഉയര്‍ന്നുവന്നത്. ഇത് ഇന്ത്യയാണ് എന്നും ‘ഹിന്ദിയ’ അല്ലെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അമിത് ഷായെ ഓര്‍മ്മിപ്പിച്ചിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരെല്ലാം ഹിന്ദി ഭാഷാ വാദത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

രാജ്യത്ത് വിവിധ ഭാഷകളുണ്ടെങ്കിലും ജനങ്ങളെ ഐക്യപ്പെടുത്തുന്നത് ഹിന്ദിയാണ് എന്നും ലോകത്തിന് മുന്നില്‍ ഇതായിരിക്കണം ഇന്ത്യയുടെ ഭാഷ എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ഭാഷാ ദിവസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍