UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്…’’ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പിണറായി വിജയൻ

ക്ഷേത്രനടയിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ഗജവീരന്മാരെയടക്കം ഒരുക്കിയായിരുന്നു സ്വീകരണം.

‘‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്…’’ ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലേക്ക് നോക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യമായിരുന്നു ഇത്. ക്ഷേത്രത്തിനു സമീപം ടെമ്പിൾ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ എത്തിയതായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി.‌‌‌

ഗുരുവായൂർ അമ്പലനടയിൽ ആദ്യമായാണ് പിണറായി വിജയനെത്തിയത്. ക്ഷേത്രനടയിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ഗജവീരന്മാരെയടക്കം ഒരുക്കിയായിരുന്നു സ്വീകരണം. ഗജരത്‌നം പത്മനാഭൻ അടക്കമുള്ള ആനകളും മുഖ്യമന്ത്രിക്ക് അകമ്പടിയൊരുക്കി.

ഗുരൂവായൂർക്ഷേത്രനടയ്ക്കരികിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ്. ഇതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹം കിഴക്കേ ഗോപുരനടയിലെത്തിയത്. ദീപസ്തംഭത്തിനരികിൽ ഏതാനും നിമിഷം ക്ഷേത്രത്തിന് അകത്തേക്ക് നോക്കി അദ്ദേഹം നിന്നു. ശേഷമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അതേസമയം, ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങൾ അപൂർവമാണെന്ന് പറഞ്ഞപ്പോഴാണ് തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് മാതൃഭൂമിയോട് പ്രതികരിച്ചു.  ഉദയാസ്തമന പൂജയ്ക്കായി നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയെത്തിയത്. ഇതിനിടെ, ക്ഷേത്രകാര്യങ്ങൾ ഒപ്പമുണ്ടായിരുന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു നൽകുകയും ചെയ്തു.

അതേസമയം, ഗുരുവായൂരെന്നത് ഭക്തർക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. ഗുരുവായൂരിന്റെ വികസനം അനിവാര്യമാണെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. കെ.വി. അബ്ദുൾഖാദർ എം.എൽ.എ, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍