UPDATES

‘കേരളത്തിന്റെ സ്വന്തം സൈന്യം ഔദ്യോഗികമായി സേനയുടെ ഭാഗമായി; സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ആദരമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പോലീസ് വാർഡൻമാരായി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്.

പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കേരളത്തിന്റെ സ്വന്തം സൈന്യം സംസ്ഥാന പോലീസ് സേനയുടെ ഭാഗമായ ചടങ്ങിന്റെ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ അഭിവാദ്യം സ്വീകരിച്ചു. ഇത് മത്സ്യത്തൊഴിലാളികൾക്കുള്ള ആദരമാണ്. പ്രത്യേക പരിശീലനം നൽകിയാണ് കോസ്റ്റൽ പോലീസ് വാർഡൻമാരായി ഇവർക്ക് പ്രത്യേക നിയമനം നൽകിയത്. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമെ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പോലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ട്.

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രളയത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പുർണരൂപം

ഏറെ സന്തോഷം നിറഞ്ഞ ചടങ്ങിലാണ് രാവിലെ പങ്കടുത്തത്. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിക്കപ്പെട്ടവർ ഔദ്യോഗികമായി കേരളത്തിന്റെ സേനയുടെ ഭാഗമായി. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയത്. നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കും. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമെ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പോലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനം സേനക്ക് നൽകി.

കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പോലീസ് വാർഡൻമാരായി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍