UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭ വൃദ്ധസദനമാക്കരുതെന്ന് ഹൈബി; കുര്യന് വോട്ടുചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനില്‍ അക്കര എം എല്‍ എ; കോണ്‍ഗ്രസില്‍ കൂട്ടക്കലാപം

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് പിജെ കുര്യന് വീണ്ടും നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണത്തില്‍ നിന്നും കരകയറാന്‍ പാടുപെടുന്ന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റ് വിഷയത്തില്‍ കലാപമുയര്‍ത്തി യുവനേതൃത്വം. രാജ്യസഭ വൃദ്ധസദനമല്ലെന്നും ഒഴിവുവരുന്ന സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. മറ്റ് പാര്‍ട്ടികള്‍ യുവാക്കളെ നല്ലരീതിയില്‍ പരിഗണിക്കുമ്പോള്‍ കാലങ്ങളായി കണ്ടു പരിചയമുള്ള മുഖങ്ങളെ മാത്രമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നത്. ഈ സാഹചര്യം മാറ്റി യുവാക്കളെയും വനിതകള്‍ക്കും അവസരം നല്‍കണമെന്നും ഹൈബി ആവശ്യപ്പെട്ടു. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പ്രതികരിച്ചു.

ഹൈബിക്ക് പുറമേ അനില്‍ അക്കരെ, റോജി എം ജോണ്‍ തുടങ്ങിയ യുവനേതാക്കളും സമാനമായ വിമര്‍ശനുമായി രംഗത്തെത്തി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയായി വീണ്ടും പി ജെ കുര്യനെ പരിഗണിച്ചാല്‍ വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെയുടെ പ്രതികരണം.

പിജെ കുര്യന്‍ സ്വമേധയാ മാറിനില്‍ക്കാന്‍ തയ്യാറാവണമെന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണും ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു അങ്കമാലി എംഎല്‍എയുടെ പ്രതികരണം. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന നേര്‍ച്ചയിട്ടവരാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. ഇവരാണ് പാര്‍ട്ടിയുടെ ശാപമെന്നും ഇത്തരക്കാരെ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്നും എംഎല്‍എ വ്യക്തമാക്കുന്നു.

മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കണെമെന്ന് ആവശ്യപ്പെട്ട് യുവനേതാക്കളില്‍ പ്രമുഖരായ വിടി ബല്‍റാമും ഷാഫി പറമ്പിലും ഇന്നലെ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിലും സമഗ്രമായ മാറ്റം വരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണെന്നായിരുന്നു ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

എന്നാല്‍ യുവനേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കെ സുധാകരന്‍ രംഗത്തെത്തി. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ അവതരിപ്പിക്കണം എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

അതേസമയം കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് പിജെ കുര്യന് വീണ്ടും നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനമെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍