UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപഭോക്തൃസംരക്ഷണത്തിന് പുതിയ നിയമം; വ്യാജ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കും ശിക്ഷ

1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്താണ് പുതിയ ബില്‍ ലോക് സഭ പാസാക്കിയത്.

ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് മുൻഗണന നൽകുന്ന ഉപഭോക്തൃസംരക്ഷണ നിയമം 2018 ലോക്സഭ പാസാക്കി. ഉൽപ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള ഉപഭോക്താക്കൾക്കുള്ള പരാതികൾ ഉൾപ്പെടെ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഇ-വാണിജ്യം ഉപഭോക്തൃനിയമത്തിൽ ഉൾപ്പെടുത്തുന്നതുമാണ് പുതിയ ബിൽ. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്താണ് പുതിയ ബില്‍ ലോക് സഭ പാസാക്കിയത്.

ടെലികോം, ഭവനനിർമാണം, ഓൺലൈൻ, ടെലിഷോപ്പിങ്  എന്നീ മേഖലകളിലുൾപ്പെടെ എല്ലാ ഉത്‌പന്നങ്ങളും സേവനങ്ങളും പരിധിയിൽപ്പെടുന്നതാണ് പുതിയ നിയമം. നിയമലംഘനം നടന്നാൽ നിർമാതാവ്, സേവനദാതാവ് വിൽപ്പനക്കാരൻ എന്നിവർ ഉത്തരവാദികളായിരിക്കുമെന്നും പുതിയനിയമം പറയുന്നു.  നിയമ ലംഘനത്തിനുള്ള ശിക്ഷകൾ ഉൾപ്പെടെ കർശനമാക്കുന്നതാണ്  നിയമം. മൂന്നു വർഷം തടവും പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. പിഴ ചുരുങ്ങിയതു കാൽലക്ഷം രൂപയും പരമാവധി ഒരു ലക്ഷം രൂപയുമായി ഉയർത്തി. ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും.

അതേസമയം, ഉപഭോക്താക്കളെ വ‍ഞ്ചിക്കുന്ന തരത്തിൽ വ്യാജപരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കും ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ബില്‍. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്ക്‌ പത്തു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ പരസ്യാഭിനയത്തിൽ വിലക്കുമാണ് നിയമം ശുപാർശ ചെയ്യുന്നത്.

ഉപഭോക്തൃസംരക്ഷണത്തിന് കേന്ദ്ര അതോറിറ്റിയും നിയമം ഉറപ്പാക്കുന്നുണ്ട്. ഉപഭോക്താവിന്റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനും മാർഗരേഖ നിശ്ചയിക്കാനും ശിക്ഷാനടപടികൾ ശുപാർശ ചെയ്യാനുമൊക്കെ അധികാരമുള്ളതാണ് അതോറിറ്റി (സി.സി.പി.എ). വ്യാജപരസ്യങ്ങൾ നീക്കം ചെയ്യാനും പരസ്യക്കാരനും വിൽപ്പനക്കാരനുമെതിരെ നടപടി സ്വീകരിക്കുന്നതിനനും അധികാരമുള്ള അതോറിറ്റി ഉപഭോക്തൃരംഗത്തെ നിയന്ത്രണ സംവിധാനമായി പ്രവർത്തിക്കും.

ഇതിന് പുറമെ ഉപഭോക്തൃതർക്കങ്ങൾ പരിശോധിക്കാനും പരിഹരിക്കാനും ദേശീയതലത്തിലും സംസ്ഥാന-ജില്ലാതലങ്ങളിലും കൗൺസിലുകൾ, ഉപഭോക്തൃ മധ്യസ്ഥ സെല്ലുകൾ എന്നിവ രൂപവത്കരിക്കുമെന്നും ബില്‍ പറയുന്നു. ലോക്സഭയിൽ‌ നടന്ന ചർച്ചകളിൽ കേരളത്തിൽ നിന്നം എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, പി കെ. ബിജു, ഇ ടി. മുഹമ്മദ് ബഷീർ, ജോയ്‌സ് ജോർജ് എന്നിവർ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍