UPDATES

ട്രെന്‍ഡിങ്ങ്

ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനത്തിന് ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള നെഹ്രു ഗ്രൂപ്പിന്റെ മേധാവി

ജൂലൈ 14ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.

ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയറിയിക്കാന്‍ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള നെഹ്‌റു കോളേജ് മാനേജ്‌മെന്റ്. സിപിഎം മുഖപത്രത്തിന്റെ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിയിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പുറത്തുവന്നു. ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 14ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.

ജിഷ്ണു കേസില്‍ മാനേജ്‌മെന്റിന് എതിരായി സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് പക വീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നെഹ്‌റു കോളേജില്‍ സമരം നടത്തുന്നതിനിടെയാണ് നെഹ്രു ഗ്രൂപ്പ് സിഇഒയ്ക്ക് പാര്‍ട്ടി പത്രം തന്നെ വേദിയൊരുക്കുന്നത്. നെഹ്രു ഗ്രൂപ്പ് അധികൃതരെ പിന്തുണച്ച് നേരത്തെ സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പികെ ശശി പ്രസംഗിച്ചത് വിവാദമായിരുന്നു. പികെ ശശിക്കെതിരെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പാമ്പാടി നെഹ്രു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിഷ്ണുവിന് കോളേജ് അധികൃതരില്‍ നിന്ന് പീഡനവും ഭീഷണിയും നേരിടേണ്ടി വന്നതായി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തുകയും ചെയ്തു.

ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേയ്ക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ സമരം വലിയ പിന്തുണ നേടുകയും സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം പിന്നീട് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു. ജിഷ്ണുവിന് നീതിക്കായി എസ്എഫ്‌ഐ സമരം നടത്തുമ്പോള്‍ സിപിഎം നേതാക്കള്‍ നെഹ്രു ഗ്രൂപ്പിനെ പിന്തുണക്കുന്നതായി ആരോപണം ഉയര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍