UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖം മറച്ചുള്ള വസ്ത്രധാരണം മതം നിഷ്കർഷിക്കുന്നില്ല; എംഇഎസിന് പിന്തുണയുമായി കേരള നദ്‌വത്തൂല്‍ മുജാഹിദീന്‍

മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെടി ജലീൽ

ബുര്‍ഖ നിരോധനത്തില്‍ എംഇഎസിന് പിന്തുണയുമായി കേരള നദ്വത്തൂൽ മുജാഹിദീൻ. മുഖം മറച്ചുകൊണ്ട് സ്ത്രീകൾ വസ്ത്രം ധരിക്കണമെന്ന് മതം നിഷ്കർഷിക്കുന്നില്ലെന്നാണ് സംഘനയുടെ നിലപാട്. വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യ വിവാദം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും സംഘടനാ പ്രസിഡണ്ട് ടി പി അബ്ദുള്ള കോയ മദനി പറഞ്ഞു. ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കരുതെന്നാണ് ഇസ്ലാമിക നിയമം എന്നും അദ്ദേഹം ‌ഓ‌ർമപ്പെുത്തുന്നു.

അതേസമയം, മുസ്ലീം വിഭാഗത്തിന്‍റെ വ്യക്തിത്വം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് എംഇഎസിന്റേതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് കുറ്റപ്പെടുത്തി. സർക്കുലർ നിലനിക്കുമ്പോൾ തന്നെ മുഖം മറക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അത്തരത്തിൽ തന്നെ ക്യാമ്പസിലെത്തുമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. എന്നാൽ മതേതരവാദിയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂറെന്നായിരുന്നു വിഷയത്തിൽ സമസ്ത ഇ കെ സുന്നി വിഭാഗത്തിന്റെ പ്രതികരണം.

അതിനിടെ, മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെടി ജലീൽ ആവശ്യപ്പെട്ടു. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. നിസ്കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ല. ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചിലരുടെ കച്ചവട താല്‍പര്യം കാണാതിരിക്കാനാവില്ലെന്നും മന്ത്രി പറയുന്നു. 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ഡോ. കെടി ജലീലിന്റെ നിലപാട്. എന്നാല്‍, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍