UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരഭിമാനക്കൊല: തൂത്തുക്കുടിയില്‍ നവദമ്പതികളെ വെട്ടിക്കൊന്നു

അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടു ജാതികളില്‍പെട്ടവരാണ്.

തൂത്തുക്കുടിയില്‍ ജാതിമാറി വിവാഹം ചെയ്ത യുവതിയേയും ഭര്‍ത്താവിനേയും വെട്ടിക്കൊന്നു. തൂത്തുക്കുടി പെരിയാര്‍നഗര്‍ കോളനിയിലാണ് സംഭവം. പെരിയാര്‍നഗര്‍ കോളനി തിരുമണിയുടെ മകന്‍ ചോലൈരാജ, പല്ലാങ്കുളം അഴകറുടെ മകള്‍ പേച്ചിയമ്മാള്‍ എന്ന ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതി ഗര്‍ഭിണിയായിരുന്നു.

ചോലൈരാജയുടെ വീടിനു മുന്നില്‍ കട്ടിലില്‍ ഉറങ്ങുമ്പോഴാണ് ഇരുവരേയും വെട്ടിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ വീടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ചോലൈരാജയുടെ അമ്മ മുത്തുമാരിയാണ് മകനും മരുമകളും കഴുത്തും, കൈകാലുകളും അറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. മുത്തുമാരിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൂത്തുക്കുടി എസ്പി അരുണ്‍ ബാലഗോപാലന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി.

കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നാട്ടുകാര്‍ ഉപരോധിച്ചെങ്കിലും, കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുമെന്ന പോലീസിന്റെ ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.

ചോലൈരാജയെ വിവാഹം ചെയ്യാനുള്ള ജ്യോതിയുടെ തീരുമാനത്തെ അവരുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാരണത്താല്‍ കൊലപാതകത്തിനു പിന്നില്‍ ജ്യോതിയുടെ വീട്ടുകാരായിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

മൂന്നുമാസം മുന്‍പാണ് ജ്യോതിയും ചോലൈരാജയും വിവാഹിതരായത്. രണ്ടുപേരും ഉപ്പു നിര്‍മ്മാണ കമ്പനിയില്‍ ചോലിചെയ്യുന്നവരായിരുന്നു. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടു ജാതികളില്‍പെട്ടവരാണ് . വിവാഹത്തിന് ഇരു വീട്ടുകാരും എതിര്‍ത്തതിനെതുടര്‍ന്ന് മൂന്ന് മാസം മുന്‍പ് കുളത്തുര്‍ പോലീസ് സ്‌റ്റേഷനിന്‍ ഇവര്‍ അഭയം തേടിയിരുന്നു. പിന്നീട് പോലീസ് ഇരു വീട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയായിരുന്നു വിവാഹം നടത്തിയത്. അന്നു തന്നെ ജ്യോതിയുടെ വീട്ടുകാര്‍

പലതവണ വീട്ടിലെത്തി അമ്മ മുത്തുമാരിയെ ജ്യോതിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി പോലീസ് അറിയിച്ചു.

Read More : കാലാവസ്ഥാ വ്യതിയാനം: ലോക ഭരണകൂടങ്ങൾക്കെതിരെ 1,300 കേസുകൾ; യുഎസ് ഏറ്റവും മുന്നിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍