UPDATES

ദേശീയതലത്തില്‍ രാഷ്ട്രീയ ഇടപെടലിനുള്ള ശേഷി കുറയുന്നു, നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ പ്രവര്‍ത്തിക്കും: സിപിഎം കേന്ദ്ര കമ്മിറ്റി

പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്ട്രീയ ഇടപെടലിനുള്ള ശേഷിയും കുറഞ്ഞതായി സിപിഎം വിലയിരുത്തുന്നു.

ബിജെപിക്കെതിരെ മതേതര പ്രതിപക്ഷ കക്ഷികളെ ഐക്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി സിപിഎം. കേന്ദ്ര കമ്മിറ്റി യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. വര്‍ഗീയതയെ നേരിടാനുള്ള ശക്തമായ മതനിരപേക്ഷ പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ചില്ല. തീവ്ര ഹിന്ദുത്വത്തിനുള്ള മറുപടി മൃദു ഹിന്ദുത്വമല്ലെന്നും കേന്ദ്ര കമ്മിറ്റി പറയുന്നു. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായി. താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും വ്യാപക അക്രമത്തിന്റേയും ഭീതിയുടേയും അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വെസ്റ്റ് ത്രിപുര, ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് അട്ടിമറിക്കപ്പെട്ടു. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ലെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ശക്തമായ വര്‍ഗീയ ധ്രുവീകരണവും ഇലക്ടറല്‍ ബോണ്ടിലൂടെ യാതൊരു വ്യവസ്ഥയുമില്ലാതെ അനിയന്ത്രിതമായി എത്തിയ പണത്തിന്റെ ഒഴുക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്‌ക്രിയ സമീപനവും വന്‍ വിജയം നേടാന്‍ ബിജെപിയെ സഹായിച്ചതായി സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ബിജെപിയെ സഹായിക്കുന്ന ഏകപക്ഷീയമായ ഇടപെടലുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത് പുല്‍വാമ, ബലാകോട്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രചാരണം ബിജെപിക്ക് ഗുണമുണ്ടാക്കി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ കേരളത്തിലെ വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. ശബരിമല പ്രശ്‌നത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന് ശരിയായ നിലപാട് സ്വീകരിച്ച സര്‍ക്കാരിനെതിരെ വിശ്വാസികളെ തിരിച്ചുവിടാനും തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനും യുഡിഎഫിനും ബിജെപിക്കും കഴിഞ്ഞു. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ എല്ലാ ശ്രമവും പാര്‍ട്ടി നടത്തും.

പശ്ചിമ ബംഗാളില്‍ അങ്ങേയറ്റത്തെ ധ്രുവീകരണത്തിന്റേതായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം എന്ന ചിത്രീകരണം നടത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തൃണമൂലിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. എന്നാല്‍ സിപിഎമ്മിനേയും ഇടതുപക്ഷത്തേയും ബദലായി വോട്ടര്‍മാര്‍ കണ്ടില്ല. ഇത് ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചു. ബിജെപി വിരുദ്ധ, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് സ്വീകരിക്കാഞ്ഞതും പ്രശ്‌നമാണ്.

ത്രിപുരയില്‍ ഒരു സീറ്റില്‍ – വെസ്റ്റ് ത്രിപുരയില്‍ വലിയ തോതിലുള്ള വോട്ടെടുപ്പ് അട്ടിമറിയാണ് നടന്നത്. ഇതുകൊണ്ടാണ് ഇടതുപക്ഷം ഇവിടെ മൂന്നാം സ്ഥാനത്തായത്. മഹാരാഷ്ട്രയിലെ ദിന്‍ഡോരിയില്‍ ഒരു ലക്ഷത്തില്‍ പരം വോട്ട് നേടാനായത് പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്ട്രീയ ഇടപെടലിനുള്ള ശേഷിയും കുറഞ്ഞതായി സിപിഎം വിലയിരുത്തുന്നു. രാഷ്ട്രീയ ഇടപെടലിനുള്ള ശേഷി തുടര്‍ച്ചയായി കുറഞ്ഞുവരുകയാണ് – കേന്ദ്ര കമ്മിറ്റി കമ്മ്യൂണിക്കെ പറയുന്നു.

2015ലെ കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കപ്പെട്ടോ എന്ന് പരിശോധിക്കും. കര്‍ഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ വിഭാഗങ്ങളെ സംഘടിപ്പിച്ചും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണത്തില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവരെ സംരക്ഷിച്ചുകൊണ്ടും പാര്‍ട്ടി മുന്നോട്ട് പോകുമെന്നും സിപിഎം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍