UPDATES

ട്രെന്‍ഡിങ്ങ്

കോടിയേരിയുടെ മകനെതിരായ ബലാത്സംഗ കേസും ആന്തൂരും ചര്‍ച്ചയാകും – സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

ബിനോയ് വ്യക്തിപരമായി നേരിടുമെന്നും പാര്‍ട്ടി ഇടപെടില്ലെന്നുമെല്ലാം പറയുമ്പോളും സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ലൈംഗിക പീഡന കേസില്‍ പ്രതിയാവുകയും ഒളിവില്‍ പോവുകയും ചെയ്തിരിക്കുന്നത് സിപിഎമ്മിനുണ്ടാക്കിയിരിക്കുന്നത് വലിയ തലവേദനയാണ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന കേസും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തില്‍ വിഭാഗീയത മൂര്‍ച്ഛിപ്പിച്ചിരിക്കുന്ന ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായേക്കും. തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കുകയാണ് പ്രധാന അജണ്ടയായി നിശ്ചയിച്ചിരിക്കുന്നത് എങ്കിലും ഈ രണ്ട് വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട സിപിഎം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിന് ഇടയിലാണ് ഈ രണ്ട് വിവാദങ്ങള്‍. ബിനോയ് വ്യക്തിപരമായി നേരിടുമെന്നും പാര്‍ട്ടി ഇടപെടില്ലെന്നുമെല്ലാം പറയുമ്പോളും സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ലൈംഗിക പീഡന കേസില്‍ പ്രതിയാവുകയും ഒളിവില്‍ പോവുകയും ചെയ്തിരിക്കുന്നത് സിപിഎമ്മിനുണ്ടാക്കിയിരിക്കുന്നത് വലിയ തലവേദനയാണ്. ബിനോയിക്കെതിരായ പരാതി യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിനും നല്‍കിയിട്ടുണ്ട് എന്ന് പറയുന്നത് പ്രശ്‌നമാണ്. നേരത്തെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസിലും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുകയും സിപിഎം പ്രതിസന്ധിയിലാവുകയും ഉണ്ടായിരുന്നു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്ക് തന്റെ ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ ഉത്തരവാദിത്തമുണ്ടെന്ന പരാതിയില്‍ സാജന്റെ ഭാര്യ ബീന ഉറച്ചുനില്‍ക്കുന്നത് സിപിഎമ്മിനെ വെട്ടിലാക്കുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് പികെ ശ്യാമള. ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. എന്നാല്‍ ശ്യാമളയ്‌ക്കെതിരെ പാര്‍ട്ടി നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ചട്ടലംഘനമുണ്ട് എന്ന് പറഞ്ഞ് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യാമള അടക്കമുള്ളവര്‍ സാജനെ മാനസികമായി പീഡിപ്പിച്ചു എന്ന് ബീന ആരോപിക്കുന്നു.

ജില്ലാ നേതൃത്വത്തിലെ ഗ്രൂപ്പ് പോരാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് എന്ന് റിപ്പോര്‍ട്ടുണ്ട്. സാജന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തില്‍ ചട്ടലംഘനമില്ല എന്നാണ് മുന്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ നിലപാട്. ശ്യാമളയ്ക്ക് തെറ്റ് പറ്റി എന്ന് ജില്ലാ നേതൃത്വവും പി ജയരാജനും പറയുമ്പോള്‍ ശ്യാമള രാജി വയ്‌ക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരാണ് പ്രശ്‌നമുണ്ടാക്കിയത് എന്നുമാണ് കോടിയേരി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിശദീകരണ യോഗത്തില്‍ ശ്യാമളയെ വേദിയിലിരുത്തി രൂക്ഷവിമര്‍ശനമാണ് പി ജയരാജന്‍ നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍