UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാനൽ സംഘവുമായി സംസാരിച്ചിരുന്നു; കോഴ ആരോപണത്തിന് പിന്നിൽ സിപിഎം നേതൃത്വവും മാഫിയ സംഘവും: എം കെ രാഘവൻ

ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം.

തനിക്കെതിരെ ഉയർന്ന കോഴ ആരോപണത്തിന് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വവും ഒരു മാഫിയ സംഘവുമെന്ന് സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവൻ. ഡൽഹിയിൽ നിന്നും മാധ്യമ പ്രവർത്തകരെ കൊണ്ടു വന്നത് ഈ സംഘത്തിന്റെ ഇടപെടലിലൂടെയാണ്. കോഴക്കോട്ടെ സിപിഎമ്മിന്‍റെ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിൽ. ആരോപണത്തിന് പിന്നിലെ ബാഹ്യ ഇടപെടലുകളുടെ തെളിവുകൾ ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഫേസ്ബുക്ക് ലൈവിലെ വെളിപ്പെടുത്തലിന് ശേഷം ഇന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഈ സംഘത്തോട് താൻ സംസാരിച്ചതായി എംപി സമ്മതിക്കുന്നുണ്ട്. പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ് ഇവരോട് സംസാരിക്കാൻ തയ്യാറായത്. തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞതും ഇതിനാലാണ്. അഞ്ച് മിനിറ്റോളം മാത്രമായിരുന്നു ഇവരെ കണ്ടത്. എന്നാൽ‌ പുറത്ത് വന്ന വീഡിയോ എഡിറ്റ് ചെയ്തതതാണെന്നും ശബ്ദം ഡെബ് ചെയ്ത് ചേർത്തതാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തിന്‍റെ രാഷ്ടീയ ബന്ധം പിന്നീട് വെളിപ്പെടുത്തും- അദ്ദേഹം പറയുന്നു.

നേരത്തെ, ടിവി 9 ഭാരതവർഷ പുറത്ത് വിട്ട ഒളികാമറ റിപ്പോര്‍ട്ട് നേരത്തെ തന്നെ എം.കെ രാഘവന്‍ പ്രതികരിച്ചിരുന്നു. ആരോപണം തെളിയിച്ചാല്‍ താൻ ലോക്സഭാ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലായിരുന്നു എംകെ രാഘവന്റെ ആദ്യ പ്രതികരണം.

റിപ്പോർട്ട് തനിക്കെതിരായി കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണ്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എംപി ഇടനിലക്കാരനായി നിൽക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവർഷ ചാനൽ സംഘം എംപിയെ കാണുന്നതായാണ് ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നുണ്ട്.

തന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് മത്സരത്തിന് 20 കോടി രൂപയാണ് തനിക്ക് ചിലവായതെന്നും പ്രവർത്തകർക്ക് മദ്യമുൾപ്പെടെ നൽകാനുള്ള വൻ ചിലവുകൾ ഉണ്ടെന്നും രാഘവൻ പറയുന്നു. (53 ലക്ഷം രൂപയാണ് രാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ തിരഞ്ഞെടുപ്പ് ചെലവ്) ഇതിൽ രണ്ട് കോടി രൂപ കോൺഗ്രസ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താൻ സംഘടിപ്പിച്ചു എന്നും രാഘവൻ പറയുന്നുണ്ട്.

അതിനിടെ, അഴിമതി ആരോപണ വാർത്ത പുറത്ത് വന്നതിന് പിറകെ പ്രതിരോധത്തിലായ എംകെ രാഘവനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി രംഗത്തെത്തി. വാർത്ത പുറത്തുവിട്ട ചാനലിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്. അരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. സംഭവത്തിൽ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നൽകുന്നുവെന്നും ഉമ്മൻ ചാണ്ടി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍