UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊലനടത്തിയത് പാർട്ടി പറഞ്ഞിട്ടാണെന്ന് ഭാര്യയോട് ഭര്‍ത്താവ് പ‍റഞ്ഞതാവും; പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി

പാർട്ടിക്ക് അത്തരത്തിൽ ഒരുതീരുമാനമില്ല. അക്രമങ്ങളിൽ ഏർപ്പെടുന്നവർ കരുതുന്നത് തങ്ങളാണ് പാർട്ടി എന്നതാണ്. അവരല്ല പാർട്ടി.

കാസർക്കോട് ഇരട്ടകൊലപാതകത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ അറസ്റ്റിലായ പീതാംബരന്റെ കൂടുംബത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടരി കൊടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങളിൽ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച അദ്ദേഹം ഭർത്താവ് ഭാര്യയോട് പറഞ്ഞ കാര്യങ്ങളായിരിക്കാം അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതെന്നും പ്രതികരിച്ചു.

എന്നാൽ‌ പാർട്ടിക്ക് അത്തരത്തിൽ ഒരുതീരുമാനമില്ല. അക്രമങ്ങളിൽ ഏർപ്പെടുന്നവർ കരുതുന്നത് തങ്ങളാണ് പാർട്ടി എന്നതാണ്. അവരല്ല പാർട്ടി. സംഘടനാതലത്തിൽ അത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് അവിടത്തെ പ്രാദേശിക പാർട്ടി കമ്മിറ്റി ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഇക്കാര്യം അറിയിച്ചതാണ്. പാർട്ടിക്ക് അത്തരമൊരു ആലോചനയും ഉണ്ടായിട്ടില്ല. അത് സംബന്ധിച്ച് പീതാംബരന്റെ കൂടുംബത്തിന് ധാരണയുണ്ടായിട്ടുണ്ടാവാം. ആ ധാരണ ഉണ്ടാക്കിയതിൽ പാർട്ടിക്ക് യാതൊരുപങ്കുമില്ലെന്നും കോടിയേരി പറയുന്നു.

ഇപ്പോൾ കുടുംബം നടത്തുന്നത് കേസിൽ പ്രതിചേർക്കപ്പെട്ടതിന്റെ അഭിപ്രായ പ്രകടനം മാത്രമാണ്. അതിന് പ്രാധാന്യം നൽകേണ്ട കാര്യമില്ല. അതിൽ പെട്ടുപോയവർക്കുണ്ടാവുന്ന വിഷമ ബോധത്തല്‍ നിന്നുള്ള അഭിപ്രായ പ്രകടനമാണിത്. അത് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി പറയാതെ പീതാംബരന്‍ ഒന്നും ചെയ്യാറില്ലെന്നും കൊലനടത്തിയിട്ടുണ്ടെങ്കില്‍ അത് പാർട്ടി നിർദേശ പ്രകാരം ആയിരിക്കുമെന്നുമായിരുന്നു പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തൽ. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി തള്ളിപ്പറയുകയാണെന്നും മഞ്ജു പറയുന്നു. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറയുന്നതെന്നും ദേവികയും ആരോപിച്ചിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍