UPDATES

എന്തിനും ബില്ല് വേണമെന്ന് പറയുന്നവര്‍ റാഫേൽ ബില്ലുകൾ എന്തുകൊണ്ട് പുറത്ത് വിടുന്നില്ല; മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് സിദ്ദു

എം.കെ രാഘവന്റെ പ്രചാരണാര്‍ഥം കോഴിക്കോട് എത്തിയതായിരുന്നു സിദ്ദു, നഗരത്തിൽ റോഡ് ഷോയും അദ്ദേഹം നടത്തിയിരുന്നു.

പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മോദിയുടെ വാഗ്ദാനങ്ങള്‍ക്ക് മുള പോലെ വലിയ നീളമുണ്ട്. പക്ഷെ അവ പൊള്ളയാണെന്നായിരുന്നു സിദ്ദുവിന്റെ പരാമർശം. റാഫേൽ ഇടപാടിൽ തുറന്ന സംവാദത്തിന് ബിജെപിയെയും മോദിയെയും വെല്ലുവിളിക്കാനും സിദ്ദു വാർത്താ സമ്മേളത്തില്‍ തയ്യാറായി. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ. രാഘവന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നവജ്യോത് സിംഗ് സിദ്ദു.

പത്ത് രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവര്‍ റഫാല്‍ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല. ഉന്നയിച്ച ആരോപങ്ങളില്‍ ഉറച്ചു നിൽക്കുകയാണെന്നും സിദ്ദു വ്യക്തമാക്കി. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. അതാണ് യഥാർഥ രാജ്യദ്രോഹം. നോട്ട് നിരോധനം തൊഴിലില്ലായ്മ രൂക്ഷമാക്കി. ബാങ്കുകളെ കബളിപ്പിക്കുന്ന കോര്‍പറേറ്റുകള്‍ പുറത്ത് വിലസുമ്പോള്‍ കാര്‍ഷിക കടം എടുത്ത കര്‍ഷകന്‍’ ജയിലിലേക്ക് പോവുകയാണ്. കര്‍ഷകര്‍ വായ്പ്പയെടുക്കുമ്പോള്‍ ഒരു നിയമവും അംബാനിക്കും അദാനിക്കും മറ്റാരു നിയമവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. ബി.എസ്.എന്‍.എല്‍ പോലുള്ളവ അടച്ച് പൂട്ടാന്‍ പോവുമ്പോൾ ജിയോ അടക്കം ഉയര്‍ന്നുവരുന്നത് അതിന്റെ ഉദാഹരണമാണ്. ബിഎസ്എന്‍എല്‍ മാത്രം 31 % തൊഴിലവസരങ്ങള്‍ നിര്‍ത്തലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നഗരത്തിൽ എം.കെ രാഘവന്റെ പ്രചാരണാര്‍ഥം സിദ്ദു റോഡ് ഷോയും നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍