UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത്‌ ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനു പിന്നില്‍ ക്രൈസ്തവ സഭാനേതൃത്വം, രൂക്ഷവിമര്‍ശനവുമായി ദളിത്‌ പ്രസ്ഥാനമായ സി എസ് ഡി എസ്

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്

കേരളത്തിലെ ക്രൈസ്തവ സഭയുടെ ദളിത്‌ വിരുദ്ധ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദളിത് മുന്നേറ്റ പ്രസ്ഥാനമായ സി എസ് ഡി എസിന്റെ സംസ്ഥാന പ്രസിഡന്റ്റ് കെ.കെ സുരേഷ്. ക്രൈസ്തവ സഭകളിലെ വിശ്വാസികളിൽ ബഹുഭൂരിപക്ഷം വരുന്ന ദളിത് ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ സത്യസന്ധവും അതീവ ഗൗരവമുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ  ക്രൈസ്തവ സഭാ മാനേജ്മെന്റുകൾ നടത്തുന്ന ജാതിവിവേചനവും ജാതിപീഢനങ്ങളും നീതി നിഷേധങ്ങളും തുറന്നു പറഞ്ഞ കമ്മീഷനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഗൗരവതരമായി സി എസ് ഡി എസ് നേതൃത്വം ഇതിനെ വിലയിരുത്തുകയും ചെയ്യുന്നുവെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സുരേഷ് വ്യക്തമാക്കി.

സഭാതര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം വെച്ചുകൊണ്ടുള്ള വിലപേശല്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി സെമിത്തേരിയും പള്ളിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ദളിത്‌ ക്രൈസ്തവയായ അന്നമ്മയുടെ മൃതശരീരം മരിച്ച് ഒരു മാസക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്ന അവസ്ഥ ഈയിടെ ഏറെ വിവാദമായിരുന്നു. കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ അന്നമ്മയ്ക്കാണ് മരണശേഷവും തര്‍ക്കത്തെ തുടര്‍ന്ന് അന്ത്യവിശ്രമ സ്ഥലം കണ്ടെത്താന്‍ വൈകിയത്. ഒടുവില്‍ ഏറെ തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒടുവില്‍ ദളിത് ക്രൈസ്ത ദേവാലയമായ ജറുസലേം മാര്‍ത്തോമ പളളി സെമിത്തേരിയില്‍ തന്നെ അന്നമ്മയുടെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ജലം മലിനമാകുന്നു എന്നാരോപിച്ച് പ്രദേശവാസികളും ബിജെപിയും ഇവിടെ അടക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. മാര്‍ത്തോമ സഭയുടെ കീഴില്‍ തന്നെയുള്ള മറ്റൊരു ദേവാലയമായ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ പള്ളിക്കമ്മറ്റി അനുവദിച്ച് നല്‍കിയ ഒരിടത്തായിരുന്നു കുറച്ച് കാലമായി ദളിത് ക്രൈസ്തവരേയും അടക്കിയിരുന്നത്. എന്നാല്‍ മൂത്രപ്പുരയോട് ചേര്‍ന്ന്, കാട് പിടിച്ച് കിടക്കുന്ന ആ സ്ഥലത്ത് തങ്ങളുടെ കുടുംബക്കാരെ അടക്കുന്നതിനോട് ദളിത് ക്രൈസ്തവര്‍ക്ക് യോജിക്കാനാവുമായിരുന്നില്ല. ദളിത്‌ ക്രൈസ്തവരോടുള്ള സവര്‍ണ ക്രൈസ്തവ സമൂഹത്തിന്റെ വിവേചനമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇത്തരത്തിലുള്ള പള്ളികളും സെമിത്തേരികളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകം ഈ നിര്‍ദേശത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Also Read: മരിച്ച് ഒരു മാസത്തിനു ശേഷം അന്നമ്മയ്ക്ക് മോര്‍ച്ചറിയില്‍ നിന്ന് മോചനം; ശവസംസ്കാരം അന്ത്യാഭിലാഷം പോലെ സ്വന്തം ദളിത് ക്രൈസ്ത ദേവാലയത്തില്‍ തന്നെ

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ ഉത്തരവാദികൾ സഭാ നേതൃത്വമാണെന്ന് വിശ്വാസികൾ മനസിലാക്കണമെന്ന് സുരേഷ് പറയുന്നു. ദളിത് ക്രൈസ്തവർക്ക് പ്രത്യേക ആരാധനാലയങ്ങൾ സൃഷ്ടിച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയതയെ വീണ്ടും കുരിശിൽ തറയ്ക്കുന്ന സഭാ നടപടികൾ ക്രൈസ്തവ സഭാ വിശ്വാസികൾ മനസിലാക്കി സഭയിൽ തുല്യതയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അത്മീയത പരിരക്ഷിക്കപ്പെടുന്നത്.  അത്മീയതയുടെ മൂടുപടമണിഞ്ഞ് ഭൗതികതയുടെ സമസ്ത മേഖലയും കൈയ്യടക്കി വലിയൊരു വിശ്വാസ സമൂഹത്തെ ഇരുട്ടിലൂടെ നടത്തി ക്രിസ്തുവിന്റെ വെളിച്ചം ദൂരെയാണെന്നു പറയുന്നതിലെ കാപട്യം ക്രൈസ്ത വിശ്വാസത്തിന് അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദളിത് ക്രൈസ്തവരോടുള്ള ജാതി വിവേചനവും നീതി നിഷേധവും സംസ്കാരരാഹിത്യവും പൗരോഹിത്യ സമൂഹവും സഭാ നേതൃത്വങ്ങളും അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തി ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങളെ ഉയർത്തേണ്ടതാണ്. അല്ലാത്തപക്ഷം ദളിത് ക്രൈസ്തവർ മറ്റൊരു കുരിശുയുദ്ധത്തിന് തയ്യാറാകുമ്പോൾ അതിന്റെ മുൻ നിരയിൽ നീതിക്കും തുല്യതയ്ക്കും ദളിതരുടെ വിശ്വാസ സംരക്ഷണത്തിനും സി എസ് ഡി എസ് കൂടെയുണ്ടാകും എന്നും സുരേഷ് പറയുന്നു.

Also Read: ‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍