UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായു തീവ്രചുഴലിക്കാറ്റായി രൂപം മാറുന്നു, ഗുജറാത്ത് തീരത്ത് നാശം വിതച്ചേക്കും, കേരളത്തിൽ കനത്തമഴ

ഗുജറാത്തിന്റെ സൗരാഷ്ട്ര കച്ച് മേഖലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിൽ കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന വായു ബുധനാഴ്ച രാവിലെയോടെ തീവ്രചുഴലിയായി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വിലയിരുത്തൽ. ‘വായു’ നിലവിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് നീങ്ങുന്നത്. ഗുജറാത്തിന്റെ സൗരാഷ്ട്ര കച്ച് മേഖലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലർ‌ച്ചയോടെ ഗുജറാത്തിലെ പോർബന്തർ, മഹുവ എന്നിവിടങ്ങൾക്കിടയിലായിരിക്കും കാറ്റ്തീരത്തേക്ക് കടക്കു. ഈ സമയം കാറ്റിന്റെ വേഗം മണിക്കൂറിൽ 110 മുതൽ 135 കിലോമീറ്റർ കൈവരിക്കാനും സാധ്യത ചൂണ്ടിക്കാട്ടുന്നും. മേഖലയിൽ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം 90 കിലോമീറ്ററായി കുറഞ്ഞുതുടങ്ങും. ഗോവയിൽനിന്ന് 350 കിലോമീറ്ററും മുംബൈയിൽനിന്ന് 510 കിലോമീറ്ററും ഗുജറാത്തിലെ വെരാവലിൽനിന്ന് 650 കിലോമീറ്ററും ദൂരത്തിലായിരുന്നു ചൊവ്വാഴ്ച രാത്രി വായുവിന്റെ സ്ഥാനം.

അതേസമയം, കേരളം ‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും വടക്കന്‍ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടൽ, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. പൊഴിയൂർ മുതൽ കാസർകോടു വരെ തീരക്കടലിൽ 3.5 മുതൽ 4.3 മീറ്റർ വരെ തിരമാല ഉയരാനും തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.

മഴ ശക്തമാകുമെന്നതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

 

ഗിരീഷ് കർണ്ണാടും അനന്തമൂർത്തിയും പിന്നെ മലയാളത്തിലെ ചില ആക്സിഡെന്‍റല്‍ പുരോഗമന എഴുത്തുകാരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍