UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആരെടാ ഇവിടെ കാറുകൊണ്ടിട്ടത്’; ഡിവൈഎസ്പിയുടെ ആക്രോശം യുവാവിനെ തള്ളിയിട്ടത് മരണത്തിലേക്ക്

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഡിവൈഎസ്പിയുമായുള്ള  തർക്കത്തിനിടെ കെടങ്ങാവിളയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന്റെ അറസറ്റ് വൈകുന്നതില്‍ ഒത്തുകളിയെന്ന് ആരോപണം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഡി വൈഎസ്പി ഹരി കുമാരിന് ജാമ്യം എടുക്കാനുള്ള സാഹചര്യം ഒരുക്കാനാണ് നടപടി വൈകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് ആസോസിയോഷന്‍ ജില്ലാ നേതൃത്വവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും അടുപ്പമുള്ള വ്യക്തിയാണ് ഉദ്യോഗസ്ഥനെന്നും ആരോപണമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ജോലിക്കശേഷം വീട്ടിലേക്കുള്ള രാത്രി ഭക്ഷണം വാങ്ങാനെത്തിയപ്പോഴായിരുന്നു ഇലക്ട്രീഷ്യനായ സനല്‍ കുമാറിന്റെ മരണം.
നെയ്യാറ്റിന്‍കരയ്ക്ക് സമീപത്തുള്ള കെടങ്ങാവിളയില്‍ തട്ടുകടയില്‍നിന്നും വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥപനുമയുള്ള തര്‍ക്കം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുന്നിലായി തന്റെ വാഹനം പാര്‍ക്ക് ചെയ്ത് സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിതായിരുന്നു സനല്‍. ‘ആരെടാ ഇവിടെ കാര്‍ കൊണ്ടിട്ടത്’ എന്ന ആക്രോശം കേട്ടാണു ഭക്ഷണം പാതിവഴിക്കിട്ടു സനല്‍ സ്ഥലത്തേക്ക് ഓടി എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്നായിരുന്നു തര്‍ക്കം. പിന്നിലേക്ക് എടുത്താല്‍ പോവാമല്ലോ എന്ന പറഞ്ഞതോടെ അരിശം മൂത്ത ഹരികുമാര്‍ സനലിനെ പിടിച്ചു തള്ളിയതു മരണത്തിലേക്കായിരുന്നുവെന്നു ദൃക്‌സാക്ഷിമൊഴി. ഡിവൈഎസ്പിയാണെന്നു സനല്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു.

പിറകില്‍ നിന്നും വന്ന മറ്റൊരുകാർ സനലിനെ ഇടിച്ച തെറിപ്പിച്ചതോടെ ഹരികുമാര്‍ അവണാകുഴി ഭാഗത്തേക്ക് ഓടുകയായിരുന്നു. പിന്‍തുടര്‍ന്ന ചിലര്‍ ഡിവൈഎസ്പിയെ ഓടിച്ചിട്ടു മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ ഡിവൈഎസ്പി സന്ദര്‍ശിക്കാനെത്തിയ കൊടങ്ങാവിളയില്‍ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനു ഹരികുമാറിന്റെ കാറില്‍ പിന്നാലെ പാഞ്ഞെത്തി. ഹരികുമാറിനെ അതില്‍ കയറ്റി അവണാകുഴി ജംക്ഷനിലെത്തിച്ച് കാറും നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് സംഭവസ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലായ ശേഷമാണ് ബിനു വീട്ടില്‍ മടങ്ങിയെത്തിയത്.

അതിനിടെ ആരോപണ വിധേയനായ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍പ്പല കേസുകളിലും ഇടപെട്ടതിന്റെ പേരില്‍ നടപടി നേരിട്ട വ്യക്തിയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കള്ളനെ വിട്ടയയ്ക്കാന്‍ അയാളുടെ ഭാര്യയില്‍ നിന്നു കൈക്കൂലി വാങ്ങിയ തടക്കം സസ്‌പെന്‍ഷനും അച്ചടക്ക നടപടിയും നേരിട്ട വ്യക്തിയാണ് എന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ സനലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഇന്നലെ  റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ഉപരോധം ആര്‍ഡിഒയുടെ ഇടപെടലിനെത്തുടര്‍ന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യുക, മരിച്ച സനലിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ഭാര്യയ്ക്ക് ജോലി നല്‍കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ആര്‍ഡിഓയുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍