UPDATES

പി ചിദംബരത്തെ നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു

കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. ഈ മാസം 26 വരെ ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയെ അനുവദിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്നും സിബിഐ ആരോപിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചിദംബരത്തിന് വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്‌വിയും ഹാജരായി. 48 മണിക്കൂര്‍ കൂടുമ്പോള്‍ ചിദംബരത്തിന്റെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചിദംബരത്തിനെതിരെ ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അതിസമര്‍ത്ഥനായ ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി അന്വേഷണവുമായി നിസഹകരണം പാലിക്കുന്നു എന്നാണ് സിബിഐ ആരോപിച്ചത്. അതേസമയം ചിദംബരം ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അന്വേഷണ നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും കപില്‍ സിബലും സിംഗ്‌വിയും വാദിച്ചു.

ഐഎന്‍എക്‌സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അവര്‍ കേസിലെ മാപ്പുസാക്ഷിയാണ്. മാപ്പുസാക്ഷിയുടെ മൊഴി ദുര്‍ബലമായ തെളിവാണെന്നും കപില്‍ സിബല്‍ വാദിച്ചു. 2018 ജൂലായിന് ശേഷം ഒരിക്കല്‍ പോലും പി ചിദംബരത്തിന് ഹാജരാകാന്‍ സമന്‍സ് ലഭിച്ചിട്ടില്ല. പെട്ടെന്നുള്ള അറസ്റ്റ് മറ്റ് കാരണങ്ങള്‍ കൊണ്ടാണ്. ഐഎന്‍എക്‌സ് മീഡിയയ്ക്ക് എഫ്ഡിഐ ക്ലിയറന്‍സ് നല്‍കിയത് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ആണ്. ധന മന്ത്രിയായിരുന്ന ചിദംബരം എടുത്ത തീരുമാനമായിരുന്നില്ല അതെന്നും കൂട്ടായ തീരുമാനമായിരുന്നു എന്നും ചിദംബരത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇതുവരെ ഒരു എഫ്‌ഐപിബി ഉദ്യോഗസ്ഥനേയും സിബിഐ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല – അഭിഭാഷകര്‍ വാദിച്ചു. ഇതിനിടെ സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് അവഗണിച്ച് കോടതിയില്‍ തന്റെ ഭാഗം നേരിട്ട് സംസാരിക്കാനും കോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു.

ഇന്നലെ രാത്രി വൈകീട്ട് ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വീട്ടിലെത്തി മതില്‍ചാടി അകത്തുകടന്ന് ഏറെ നാടകീയമായാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അപ്രത്യക്ഷനായ പി ചിദംബരം ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലേയ്ക്ക് മടങ്ങുകയും പിന്നാലെയെത്തിയ സിബിഐ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയെ അടിസ്ഥാനമാക്കി ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നീതികരിക്കാനാവില്ല എന്നാണ് അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്‌വിയും വാദിച്ചത്.

ALSO READ: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍