UPDATES

ഡല്‍ഹിയില്‍ ആയിരങ്ങളെ തെരുവിലിറക്കിയ ദലിത് പ്രക്ഷോഭത്തിന് പിന്നാലെ, ഗുരു രവിദാസ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് കെജ്രിവാള്‍

ഡല്‍ഹി നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി.

ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ ഗുരു രവിദാസ് ക്ഷേത്രം തകര്‍ത്ത ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നടപടിക്കെതിരെ ജന്തര്‍ മന്തറില്‍ ഇന്നലെ വന്‍ ദലിത് പ്രതിഷേധ റാലി നടന്നിരുന്നു. ഓഗസ്റ്റ് 10ന്റെ നടപടിക്കെതിരെ പഞ്ചാബിലും ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഓഗസ്റ്റ് 13ന് രവിദാസി സംഘടന ബന്ദും സംഘടിപ്പിച്ചിരുന്നു. ഏതായാലും പൊളിച്ചുനീക്കിയ രവിദാസ് മന്ദിര്‍ പുനര്‍നിര്‍മ്മിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഡല്‍ഹി നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിന് ശേഷം പൊളിച്ച അതേസ്ഥലത്ത് തന്നെ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

രവിദാസ് ക്ഷേത്രത്തിന് ഭൂമി അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ഡല്‍ഹി നിയമസഭ ആവശ്യപ്പെട്ടു. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി രവിദാസിന് നാല് ഏക്കര്‍ ഭൂമി കൊടുത്തല്‍ ഞങ്ങള്‍ ഡിഡിഎയ്ക്ക് 100 ഏക്കര്‍ ഭൂമി തരും. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും – കെജ്രിവാള്‍ പറഞ്ഞു.

ഗുരു രവിദാസ് വിഭാവനം ചെയ്ത സമത്വപൂര്‍ണമായ സമൂഹമാണ് ഡല്‍ഹി സര്‍ക്കാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു. ദലിതര്‍ മാത്രമല്ല മറ്റ് സമുദായങ്ങളില്‍ പെട്ടവരും ഈ ക്ഷേത്രം തകര്‍ത്തതില്‍ ദുഖിക്കുന്നു – കെജ്രിവാള്‍ പറഞ്ഞു.
കേന്ദ്രത്തിനേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. സുപ്രീം കോടതിയില്‍ ഡിഡിഎ രവിദാസ് സമിതിയെ എതിര്‍ത്തില്ലായിരുന്നെങ്കില്‍ ക്ഷേത്രം പൊളിക്കേണ്ടി വരില്ലായിരുന്നു എന്നും കെജ്രിവാള്‍ പറഞ്ഞു.

രവിദാസ് മന്ദിര്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിന് നഗരത്തില്‍ മറ്റെവിടെയെങ്കിലും ഭൂമി അനുവദിക്കണോ എന്ന് തീരുമാനിക്കാന്‍ സുപ്രീം കോടതി ഉത്തരവിനായി കാത്തിരിക്കുന്നു എന്നാണ് ബുധനാഴ്ച ഡിഡിഎ അധികൃതര്‍ പറഞ്ഞത്. വനഭൂമി ക്ഷേത്രം കയ്യേറി എന്ന് പറഞ്ഞായിരുന്നു ഇത്. ക്ഷേത്രം അതേ സ്ഥാനത്ത് പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും യുപിയിലും വലിയ ബഹുജന പ്രക്ഷോഭമാണ് രവിദാസി സമുദായക്കാര്‍ സംഘടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍